കൊൽക്കത്ത
പശ്ചിമ ബംഗാളിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ നക്ഷിപാറയിൽ സിപിഐ എം പ്രവർത്തകനായ കബീർ ഷേക്കിനെ (45) തൃണമൂലുകാർ മര്ദ്ദിച്ച് കൊലപ്പെടുത്തി. കബീറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന തൃണമൂലുകാർ ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂലിനെതിരെ സജീവമായി പ്രവർത്തിച്ചതിന്റെ പേരിലാണ് ക്രൂരകൃത്യം.
മൂർഷിദാബാദിൽ കോൺഗ്രസ് പ്രവർത്തകനെ തൃണമൂലുകാർ വധിച്ചു. ഗ്രൂപ്പ് പോരിനെ തുടർന്ന് ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ പഞ്ചായത്ത് അംഗത്തെ സ്വന്തം പാര്ടിയിലെ എതിർപക്ഷം വെടിവച്ച് കൊന്നു. മൈനൂർ ഗരാമി (41)യെന്ന തൃണമൂൽ പഞ്ചായത്തംഗമാണ് കൊലചെയ്യപ്പെട്ടത്.
ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ മധുരാപൂരിൽ സിപിഐ എമ്മിന്റെ നാല് പഞ്ചായത്ത് അംഗങ്ങളെ തൃണമൂലുകാർ തട്ടിക്കൊണ്ടു പോയി. പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ അംഗങ്ങളെ തട്ടിക്കൊണ്ടു പോകുകയും തൃണമൂലിൽ ചേർക്കുകയും എതിർക്കുന്നവരെ ക്രൂരമായി മർദിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നു.