തിരുവനന്തപുരം
ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ്കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. 1992 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കെ പത്മകുമാറാണ് പുതിയ ഫയർഫോഴ്സ് മേധാവി. ഫയർഫോഴ്സ് മേധാവിയായിരുന്ന സഞ്ജീവ്കുമാർ പട്ജോഷിയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയായും മാറ്റി നിയമിച്ചു. എഡിജിപി മനോജ് എബ്രഹാമിന് ഇന്റലിജൻസിന്റെ ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി. എഡിജിപി ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് സൈബർ ഓപ്പറേഷൻസ്, സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എന്നിവയുടെ അധികചുമതലയും നൽകി.
മനുഷ്യാവകാശ കമീഷൻ ഐജിയായി പി പ്രകാശിനെയും കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമനെ ഉത്തര മേഖല ഐജിയായും നിയമിച്ചു. ഉത്തര മേഖല ഐജിയായിരുന്ന നീരജ്കുമാർ ഗുപ്തയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. എ അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമീഷണർ. പുട്ട വിമലാദിത്യയെ ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജിയായും കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് എത്തുന്ന തോമസ് ജോസിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചു. നിയമനം ചൊവ്വ മുതൽ പ്രാബല്യത്തിലാകും.