ന്യൂഡൽഹി
മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പുരിൽ ഭരണവാഴ്ച പൂർണമായും തകർന്നുവെന്ന് ‘ഇന്ത്യ’ എംപിമാർ. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു. ഞായറാഴ്ച ഇംഫാലിൽ ഗവർണർ അനസൂയ ഉയിക്കെയുമായി കൂടിക്കാഴ്ച നടത്തിയ സംഘം സംസ്ഥാനത്ത് ഭരണവാഴ്ച പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ലജ്ജാകരമായ മൗനമാണ് പുലർത്തുന്നതെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. രണ്ടുദിവസത്തെ മണിപ്പുർ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ എംപിമാർ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കുകയും വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാവരും ദുരനുഭവങ്ങളാണ് പങ്കുവച്ചത്. കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ശ്രദ്ധ നൽകണം. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ഈ വിഷയം അടിയന്തരമായി പരിഹരിക്കണം.
മൂന്നുമാസമായി തുടരുന്ന ഇന്റർനെറ്റ് വിലക്ക് അഭ്യൂഹങ്ങൾ പടരുന്നതിനും അവിശ്വാസം വർധിക്കുന്നതിനും കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഭരണവാഴ്ച പൂർണമായും തകർന്നുവെന്ന വസ്തുത ഗവർണർ എത്രയും വേഗം കേന്ദ്രത്തെ ബോധ്യപ്പെടുത്തണം. മൂന്നുമാസമായിട്ടും ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. അടിയന്തര ഇടപെടലിനുള്ള നിർദേശം കേന്ദ്രത്തിന് നൽകണം–- പ്രതിപക്ഷ എംപിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ മണിപ്പുരിൽ പൂർണമായ പരാജയമായെന്ന് എംപിമാർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കണം. സർവകക്ഷി സംഘത്തെ നയിച്ച് മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. വിഷയത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. മണിപ്പുരിൽ കണ്ട കാഴ്ചകൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരും–- എംപിമാർ പറഞ്ഞു. സിപിഐ എമ്മിൽനിന്ന് എ എ റഹിം ഉൾപ്പെടെ പ്രതിപക്ഷ പാർടികളിൽ നിന്നായി 21 എംപിമാരുടെ സംഘമാണ് രണ്ടുദിവസമായി മണിപ്പുർ സന്ദർശിച്ചത്.