തിരുവനന്തപുരം
നവകേരള നിർമാണത്തിന് ഭരണനിർവഹണത്തിലെ കാര്യക്ഷമതയും സേവനഗുണമേന്മയും വർധിപ്പിക്കാനുതകുന്ന ഫലപ്രദമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ദ്വിദിന സെമിനാറിന് സമാപനം. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി എ കെ ജി പഠനഗവേഷണകേന്ദ്രവും കാട്ടായിക്കോണം വി ശ്രീധർ പഠനഗവേഷണകേന്ദ്രവും ചേർന്നാണ് “നവകേരളകാലത്തെ ഭരണനിർവഹണം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. ഭരണ പരിഷ്കാരത്തെക്കുറിച്ചായിരുന്നു സമാപന ദിവസത്തെ പ്രധാന ചർച്ച. ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. മൂന്നാംഭരണപരിഷ്കരണ കമീഷൻ മെമ്പർ സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ്, 1,2,3 ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നാലാം ഭരണപരിഷ്കരണ കമീഷൻ മെമ്പർ സെക്രട്ടറിയായിരുന്ന ഷീല തോമസ് നാലാം ഭരണപരിഷ്കരണ കമീഷൻ റിപ്പോർട്ടും 11–-ാം ശമ്പള പരിഷ്കരണ കമീഷൻ സെക്രട്ടറിയായിരുന്ന കെ മോഹൻദാസ് ശമ്പള പരിഷ്കരണ കമീഷൻ ശുപാർശകളും അവതരിപ്പിച്ചു.
നിർദേശങ്ങൾ പഠിക്കാൻ
8 ഉപസമിതി
സെമിനാറിന്റെ ഭാഗമായി 15 വകുപ്പുതല ചർച്ചകൾ, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന 10 സമ്മേളനം എന്നിവ സംഘടിപ്പിച്ചു. ഉയർന്നുവന്ന നിർദേശങ്ങളുടെ തുടർപഠനത്തിനും പ്രായോഗിക നിർദേശത്തിനുമായി എട്ട് ഉപസമിതി രൂപീകരിച്ചു. ഇ-–-ഗവേണൻസ്, മുതിർന്നവർ–- ഭിന്നശേഷിക്കാർ–- ദുർബല വിഭാഗങ്ങൾ–- ജെൻഡർ, വകുപ്പുകളുടെയും തട്ടുകളുടെയും ഏകോപനം, റവന്യൂ ഏണിങ് വകുപ്പുകൾ–- റഗുലേറ്ററി ഡിപ്പാർട്ട്മെന്റുകൾ, വികസന മേഖലയിലെ വകുപ്പുകൾ, സേവനപ്രദാന വകുപ്പുകൾ, സർവീസ് ഡെലിവറി–- പരാതിപരിഹാര സംവിധാനം–-സോഷ്യൽ ഓഡിറ്റ്–- സേവനാവകാശം–- പൗരാവകാശ രേഖ, അടിസ്ഥാന സൗകര്യം– -പരിസ്ഥിത സൗഹൃദം എന്നിവയാണ് ഉപസമിതികൾ.
നാല് കമീഷനുകളായി തിരിഞ്ഞ് ചർച്ച സംഘടിപ്പിച്ചു. ഫലപ്രദവും ജനോന്മുഖവും കാര്യക്ഷമവുമായ ഭരണനിർവഹണം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ യുവജന കമീഷൻ ചെയർമാൻ എം ഷാജർ അധ്യക്ഷനായി. സജിത് സുകുമാരൻ ക്രോഡീകരിച്ചു. ജനപക്ഷ സേവനപ്രദാനം വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. ക്ലീൻ കേരള കമീഷൻ മുൻ എംഡി പി കേശവൻ നായർ ക്രോഡീകരിച്ചു.
പരാതിപരിഹാരം, നഷ്ടോത്തരവാദിത്വം, സോഷ്യൽ ഓഡിറ്റ് എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇ എം രാധ അധ്യക്ഷയായി. സാമൂഹ്യപ്രവർത്തക ബീന ഗോവിന്ദൻ ക്രോഡീകരിച്ചു. ഭരണപരിഷ്കരണ നിർദേശങ്ങളുടെ നിർവഹണം എന്ന ചർച്ചയിൽ കെ വരദരാജൻ അധ്യക്ഷനായി. വനിതാ വികസന കോർപറേഷൻ എംഡി വി സി ബിന്ദു ക്രോഡീകരിച്ചു. ഭാവിപരിപ്രേക്ഷ്യം അവതരണത്തിൽ എസ് എം വിജയാനന്ദ്, കെ എൻ ഹരിലാൽ, കെ വരദരാജൻ, കെ ശിവകുമാർ, എം എ അജിത് കുമാർ, ഡോ. ടി എം തോമസ് ഐസക് എന്നിവർ സംസാരിച്ചു. ടി കെ എ നായർ, വി ജോയി, ഡോ.എസ് ആർ മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പരിഷ്കാരങ്ങൾ സെക്രട്ടറിയറ്റിൽ
നിന്ന് തുടങ്ങണം: ഷീല തോമസ്
ഉദ്യോഗസ്ഥ സംവിധാനത്തിലെ പരിഷ്കരണം സെക്രട്ടറിയറ്റിൽനിന്ന് ആരംഭിക്കണമെന്ന് നാലാം ഭരണപരിഷ്കാര കമീഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ്. ‘ഭരണപരിഷ്കാരം’ എന്ന സെഷനിൽ നാലാം ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അവർ. സെക്രട്ടറിയറ്റിനെ തൊട്ടാൽ എല്ലാ പരിഷ്കാരവും നിലയ്ക്കും എന്ന അവസ്ഥയുണ്ട്. ജനങ്ങൾക്കുവേണ്ടിയുള്ളതാണ് ഉദ്യോഗസ്ഥ സംവിധാനം. ഉദ്യോഗസ്ഥർക്കുവേണ്ടിയുള്ളതാണ് എന്ന തോന്നൽ അവസാനിപ്പിക്കണം. നിയമങ്ങൾ രൂപീകരിക്കുമ്പോൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അത് നടപ്പാക്കുമ്പോൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. മാലിന്യ സംസ്കരണം ജീവിതരീതിയുടെ ഭാഗമാക്കി മാറ്റണമെന്നും അവർ പറഞ്ഞു.
ഓഫീസുകളിൽ ഹരിത പെരുമാറ്റച്ചട്ടം വേണം: ഡോ. തോമസ് ഐസക്
എല്ലാ സർക്കാർ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അതിനുവേണ്ടി മൈക്രോ പ്ലാൻ തയ്യാറാക്കണം. സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാം. കേരളത്തിൽ അധികാര വികേന്ദ്രീകരണം, ഇ–- ഗവേണൻസ് എന്നീ ആശയങ്ങൾ അവതരിപ്പിച്ചത് പഠന കോൺഗ്രസുകളാണ്. ഈ സെമിനാറിൽ ഉയർന്നുവന്ന പൊതു അഭിപ്രായം സെക്രട്ടറിയറ്റിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ചാണ്. എല്ലാവരുമായി സംവദിച്ചുകൊണ്ട് അഭിപ്രായം രൂപീകരിക്കുക എന്നതാണ് പഠന കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്കും പരിശീലനം
നൽകണം: കെ മോഹൻദാസ്
പിഎസ്സിവഴി നിയമനം നേടുന്ന ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് പരിശീലനം നൽകണമെന്ന് 11–-ാം ശമ്പള കമീഷൻ മുൻ സെക്രട്ടറി കെ മോഹൻദാസ്. ഭരണപരിഷ്കാരത്തിനുള്ള ശമ്പള കമീഷൻ ശുപാർശകൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളിലും ട്രെയിനി പോസ്റ്റുകൾ ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് നൈപുണ്യവികസന പരിശീലനവും നൽകണം. വിവരാവകാശ നിയമം ശക്തിയേറിയ ഒരു ആയുധമാണ്. അതുപോലെ സേവന അവകാശനിയമവും അത്യാവശ്യമാണ്. ജനങ്ങൾക്ക് സേവനം ഉറപ്പാക്കിയില്ലെങ്കിൽ ശിക്ഷ നൽകാൻ അധികാരമുള്ള ഒരു അപ്പലേറ്റ് അതോറിറ്റി വേണമെന്നും അദ്ദേഹം പറഞ്ഞു.