ന്യൂഡൽഹി
യമുനയിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം വിതരണം ചെയ്യുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലി ഡൽഹിയിൽ സർക്കാർ– -ചീഫ് സെക്രട്ടറി പോര്. പട്ടികയിലുള്ള 4716 കുടുംബത്തിൽ 197 പേർക്ക് മാത്രമാണ് സഹായധനം ഇതുവരെ നൽകിയതെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് റവന്യുമന്ത്രി അതീഷി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് അയച്ച നോട്ടിൽ പറഞ്ഞു. റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം തനിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട അതീഷി, ഞായറാഴ്ചയും ഉദ്യോഗസ്ഥരോട് പ്രവൃത്തി ദിവസമാക്കാൻ ആവശ്യപ്പെട്ടു. യമുനയിലെ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്കു മുകളിൽ 205.34 മീറ്റാറായി തുടരുകയാണ്.