ന്യൂഡൽഹി
അനിൽ ആന്റണിക്ക് നൽകിയ ദേശീയ ഭാരവാഹിത്വം ബിജെപിയുടെ പാഴായ പരീക്ഷണങ്ങളെ ഓർമപ്പെടുത്തുന്നു. കേരളത്തിൽ ശക്തി നേടുകയെന്ന മോഹത്തോടെ ബിജെപി ഒട്ടേറെപ്പേരെ വൻകോലാഹലത്തോടെ അവതരിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനമടക്കം ലഭിച്ച അൽഫോൺസ് കണ്ണന്താനം, മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ടോം വടക്കൻ, ഇ ശ്രീധരൻ, വിരമിച്ച ചില ഐപിഎസ് ഉദ്യോഗസ്ഥർ, ഏതാനും സിനിമാ പ്രവർത്തകർ ഇവരെല്ലാം ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രതീകങ്ങളായി വിശേഷിപ്പിക്കപ്പെട്ടു. ഇവരിൽ ബഹുഭൂരിപക്ഷവും നിശ്ശബ്ദരാകുകയോ ബിജെപിയെ തള്ളിപ്പറയുകയോ ചെയ്തു.
ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽമാത്രം വിജയിച്ച പരീക്ഷണമാണ് ബിജെപി കേരളത്തിൽ പകർത്താൻ ശ്രമിച്ചത്. ഏതെങ്കിലും പ്രമുഖനെയോ സമുദായ നേതാവിനെയോ അടർത്തിയെടുത്ത് സ്ഥാനങ്ങൾ നൽകുകയും അതുവഴി പ്രത്യേക വിഭാഗങ്ങളുടെ വോട്ട്ബാങ്ക് സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. ലക്ഷ്യം നേടിയശേഷം ഇതിനായി ഉപയോഗിക്കുന്നവരെ വലിച്ചെറിയും. എന്നാൽ, കേരളത്തിൽ ബിജെപിയിലേക്ക് ഇത്തരത്തിൽ കൊണ്ടുവന്ന ഒരാൾക്കുപോലും ചലനം സൃഷ്ടിക്കാനായില്ല. ബിജെപിയിൽ എത്തിയശേഷം ഇവർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ സമൂഹത്തിൽ പരിഹാസ്യമായും മാറി.
ദീർഘകാലമായി ബിജെപിയിൽ നിൽക്കുന്ന നേതാക്കളെ നിരാശപ്പെടുത്തിയാണ് അനിൽ ആന്റണിക്ക് ദേശീയ ഭാരവാഹിസ്ഥാനം നൽകിയത്. കോൺഗ്രസിൽ ശ്രദ്ധേയമായി പ്രവർത്തിക്കാൻ കഴിയാതിരുന്ന ഒരാളെ കൊണ്ടുവന്ന് ഉയർന്ന പദവി നൽകിയതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് ബിജെപിക്കാർ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുന്ന അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റായി നിലനിർത്തുകയും ചെയ്തു. ഇത് സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.