കാസർകോട്
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീന്റേതടക്കം 24 കോടിയുടെ സ്വത്ത് ക്രൈംബ്രാഞ്ച് ഉടൻ കണ്ടുകെട്ടും. നിയമവിധേയമല്ലാതെ പണം സ്വരൂപിക്കൽ നിരോധന നിയമ പ്രകാരം (ബഡ്സ് നിയമം) പ്രതികളുടെ ആസ്തി കണ്ടുകെട്ടി നിക്ഷേപകർക്ക് കൊടുക്കാൻ കേസിലെ യോഗ്യതാ അധികാരിയായ കണ്ണൂർ കലക്ടർക്ക് അന്വേഷകസംഘം റിപ്പോർട്ട് നൽകി.
നിക്ഷേപത്തട്ടിപ്പ് കേസിൽ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പിൽ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടുന്നത്. കമ്പനി ചെയർമാനായ എം സി ഖമറുദ്ദീൻ, ടി കെ പൂക്കോയതങ്ങൾ എന്നിവരുടെ വീടും പുരയിടവുമടക്കമുള്ള ആറു ആസ്തിവകകൾ ഇതിൽ ഉൾപ്പെടും. ഫാഷൻ ഗോൾഡിന്റേതായി പയ്യന്നൂർ ടൗണിൽ ആറുകോടി രൂപ വിലയുള്ള നാല് കടമുറി, ബംഗളൂരു സിലിഗുണ്ടെ വില്ലേജിൽ എംഡി പൂക്കോയതങ്ങളുടെപേരിലുള്ള 10 കോടി രൂപയുടെ ഒരേക്കർ ഭൂമി, കാസർകോട് ടൗൺ പതിനൊന്നാം വാർഡിൽ ഖമർ ഗോൾഡിനായി എം സി ഖമറുദ്ദീന്റെയും പൂക്കോയതങ്ങളുടെയും പേരിൽ വാങ്ങിച്ച അഞ്ചുകോടി രൂപയുള്ള നാല് കടമുറി എന്നിവ കണ്ടുകെട്ടും. ഇതോടൊപ്പം, തൃക്കരിപ്പൂർ എടച്ചാക്കൈയിൽ രണ്ടു കോടി വിലയുള്ള ഖമറുദ്ദീന്റെ വീടും പറമ്പും ചന്തേരയിൽ പൂക്കോയതങ്ങളുടെ പേരിലുള്ള ഒരുകോടിയുടെ വീടും പറമ്പും കണ്ടുകെട്ടും. ഇവരുടെ 10 ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
ഫാഷൻ ഗോൾഡ് അടച്ചുപൂട്ടിയശേഷം നിക്ഷേപകർ പരാതിയുമായെത്തിയതോടെ ഈ വസ്തുക്കൾ നിയമവിരുദ്ധമായി പലരുടെയും പേരിലേക്ക് കൈമാറ്റംചെയ്തതായി അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. നാല് ജ്വല്ലറികളുടെപേരിൽ എഴുനൂറിലധികം പേരിൽനിന്നാണ് നിക്ഷേപം സ്വീകരിച്ചത്. 168 പേരാണ് പരാതി നൽകിയത്. ഇവർക്ക് 26.15 കോടി നൽകാനുണ്ടെന്നാണ് കണക്ക്.