പോർട്ട് മോർസ്ബി
പാപുവ ന്യൂ ഗിനിയും അയർലൻഡും അടുത്തവർഷം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. വെസ്റ്റിൻഡീസും അമേരിക്കയും ചേർന്ന് വേദിയാകുന്ന ലോകകപ്പിൽ ആകെ 20 ടീമുകൾ പങ്കെടുക്കും. ഈസ്റ്റ് ഏഷ്യാ പസിഫിക് യോഗ്യതാ റൗണ്ടിൽ ചാമ്പ്യൻമാരായാണ് പാപുവ ന്യൂ ഗിനി ലോകകപ്പ് ഉറപ്പിച്ചത്. യൂറോപ്യൻ മേഖലയിൽനിന്നാണ് അയർലൻഡ് എത്തുന്നത്. സ്കോട്ലൻഡും നേരത്തേ യോഗ്യത നേടിയിരുന്നു.
ഇന്ത്യ ഉൾപ്പെടെ 12 ടീമുകൾക്ക് യോഗ്യത കളിക്കേണ്ടതില്ല. ആതിഥേയരായ വിൻഡീസിനും അമേരിക്കയ്ക്കുംപുറമെ ഓസ്ട്രേലയിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്സ് ടീമുകളാണ് നേരത്തേ ടിക്കറ്റുറപ്പിച്ചത്. മറ്റ് എട്ട് സ്ഥാനങ്ങൾക്കായാണ് മത്സരം. ഇനി അഞ്ച് സ്ഥാനം ബാക്കിയുണ്ട്.
ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും രണ്ടുവീതവും അമേരിക്കൻ മേഖലയിൽനിന്ന് ഒരു ടീമും ഇനിയെത്തും. ഈ യോഗ്യതാ മത്സരങ്ങൾ അടുത്തമാസങ്ങളിൽ അരങ്ങേറും.