തലശേരി
സ്പീക്കർ എ എൻ ഷംസീറിന്റെ കുന്നത്തുനാട് പ്രസംഗം വിവാദമാക്കിയതിനുപിന്നിൽ ആർഎസ്എസ് ഗൂഢാലോചന. ‘ഷംസീർ ഹിന്ദുവിശ്വാസത്തെയും ദൈവത്തെയും അധിക്ഷേപിച്ചെന്നാണ് ’ പ്രചാരണം. പിന്നാലെ സ്പീക്കറുടെ തലശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെ ഷംസീറിന്റെ കൈവെട്ടുമെന്നും ഭീഷണിമുഴക്കി.
പ്രസംഗം കേട്ടവരാരും സ്പീക്കർ ഹിന്ദുവിശ്വാസത്തെയോ ദൈവത്തെയോ മോശമായി ചിത്രീകരിച്ചെന്ന് പറയില്ല. ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനെയാണ് പരാമർശിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി കഥ ആവർത്തിച്ചു. മോദി പറഞ്ഞപ്പോൾ വ്രണപ്പെടാത്ത വികാരം, എ എൻ ഷംസീർ പരാമർശിച്ചപ്പോൾ വ്രണപ്പെട്ടതിന് പിന്നിൽ പച്ചയായ വർഗീയതയാണ്. കൈവെട്ടുമെന്ന യുവമോർച്ചക്കാരന്റെ ഭീഷണിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മറുപടി നൽകിയപ്പോൾ അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്ന് പറഞ്ഞു. മാഹി പള്ളൂരിൽ കൊലവിളിമുഴക്കി പ്രകടനം നടന്നു. മണിപ്പുർ കലാപത്തിൽനിന്നും ബിജെപി നേതൃത്വത്തിലെ തമ്മിലടിയിൽനിന്നും ജനശ്രദ്ധതിരിക്കാനാണ് ഇല്ലാത്ത അധിക്ഷേപ കഥ ഇറക്കിയത്. കുന്നത്തുനാട് മണ്ഡലത്തിലെ ‘വിദ്യാജ്യോതി’ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സ്പീക്കറുടെ പ്രസംഗം.
സ്പീക്കർ പറഞ്ഞത്
‘‘പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ഇപ്പോൾ പറയുന്നു.
ശാസ്ത്ര സാങ്കേതികരംഗം വികാസിക്കുമ്പോൾ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാർ എന്നെഴുതിയാൽ തെറ്റാകുന്നതും പുഷ്പക വിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകാത്തവർ ഐവിഎഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. ട്രീറ്റ്മെന്റിൽ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐവിഎഫ് ട്രീറ്റ്മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവർ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.’
സ്പീക്കർക്കും പി ജയരാജനുമെതിരെ
കൊലവിളിയുമായി ആർഎസ്എസ് പ്രകടനം
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും സ്പീക്കർ എ എൻ ഷംസീറിനുമെതിരെ കൊലവിളിയുമായി മയ്യഴിയിലെ പള്ളൂരിൽ ആർഎസ്എസ്–- ബിജെപി പ്രകടനം. ഹിന്ദുവിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ച് സംഘപരിവാർ സംഘടിപ്പിച്ച പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. ‘ഞങ്ങളൊന്ന് തിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല, ഹിന്ദുക്കളുടെ നേരെവന്നാൽ കൈയും കൊത്തും തലയും കൊത്തും ’എന്നിങ്ങനെയുള്ള കൊലവിളിയാണ് മുഴക്കിയത്. ‘മോർച്ചറിയൊന്ന് ഒരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ, ഓർത്തു കളിച്ചോ ഷംസീറേ, കെെയും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങൾ ’ എന്നിങ്ങനെയും കൊലവിളി നടത്തി.
പള്ളൂരിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ കരീക്കുന്നുമ്മൽ സുനി, ബിജെപി മണ്ഡലം പ്രസിഡന്റ് അങ്കാളപ്പിൽ ദിനേശൻ, ചാലക്കരയിലെ ഷിനോജ്, പന്തക്കലിലെ കുന്നുമ്മൽ മഹേഷ്, അവറോത്ത് പാലത്തിനടുത്ത സച്ചു, പൂശാരി കോവിലിനടുത്ത ശ്രീജിൽ, ചെമ്പ്രയിലെ പിരിയൻ രാഹുൽ തുടങ്ങി 20 പേരാണ് പ്രകടനത്തിലുണ്ടായിരുന്നത്. സ്പീക്കറുടെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് ചൊവ്വാഴ്ച നടന്ന മാർച്ചിൽ എ എൻ ഷംസീറിന്റെ കൈവെട്ടുമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മറുപടി പറഞ്ഞതോടെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഭീഷണിയുമായെത്തി. ഇതിന്റെ തുടർച്ചയാണ് പള്ളൂരിലെ പ്രകടനം.