ന്യൂഡൽഹി
മണിപ്പുരിൽ കുക്കി സ്ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കം കലാപഘട്ടത്തിൽ അരങ്ങേറിയ ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന ബിജെപി സർക്കാർ നീക്കം. വിവിധ സുരക്ഷാ ഏജൻസികള്ക്ക് മണിപ്പുർ സർക്കാർ നല്കിയ എഫ്ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും ബലാത്സംഗക്കുറ്റം ഉൾപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലും കൂട്ടബലാത്സംഗ കുറ്റമായ ഐപിസി 376 ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗ്നരായി നടത്തപ്പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പോലും സമ്മതിച്ചിരുന്നതാണ്.
മെയ് നാലിനാണ് രണ്ടു കുക്കി സ്ത്രീകളെ കലാപകാരികൾ നഗ്നരാക്കി നടത്തിയതും ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും. ഈ സംഭവവുമായി ബന്ധപ്പെട്ട് സായ്കുൽ പൊലീസ് സ്റ്റേഷനിൽ മെയ് 18ന് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീടിത് സംഭവമുണ്ടായ നോങ്പോക് സെക്മയ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും 110(6) 2023 നമ്പറിൽ എഫ്ഐആർ ഇടുകയും ചെയ്തു. മാധ്യമങ്ങൾക്കും മറ്റും നൽകിയ എഫ്ഐആർ പകർപ്പിൽ ഐപിസി 376 ഉൾപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാ ഏജൻസികൾക്ക് കൈമാറിയ എഫ്ഐആർ പകർപ്പിൽ നിന്നും ഐപിസി 376 ഒഴിവാക്കപ്പെട്ടു. കിഴക്കൻ ഇംഫാലിൽ ഒരു കാർവാഷ് സെന്ററിൽ രണ്ട് കുക്കി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസിലും 376 ഉൾപ്പെടുത്തിയിട്ടില്ല.