കലഞ്ഞൂർ
‘‘പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ കണ്ട് അവൻ തിരികെ വരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. അതുപോലെതന്നെ സംഭവിച്ചതിൽ അതിയായ സന്തോഷമുണ്ട്.’’ ഒന്നരവർഷം മുമ്പ് കലഞ്ഞൂർ പാടത്ത് നിന്ന് കാണാതായ വണ്ടാനിപാടം പടിഞ്ഞാറ്റേതില്‍ വീട്ടില്‍ നൗഷാദിന്റെ ഉമ്മ തൈത്തുല് ബീവി സന്തോഷം അടക്കാനാകാതെ മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായശേഷം ഒരു ഫോൺ കോൾ പോലും ഞങ്ങൾക്ക് വന്നിട്ടില്ല. കല്യാണം കഴിഞ്ഞശേഷമാണ് മകന്റെ ജീവിതത്തിൽ ദുരിതങ്ങള്‍ തുടങ്ങിയത്. മരുമകൾ വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. വിവാഹം വേർപെടുത്താൻ അവർ നൂറനാട് പൊലീസിലും പിന്നീട് കോടതിയിലും കേസ് കൊടുത്തു. പിന്നീട് ഇരുവരും ഒന്നിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഭാര്യ വീട്ടുകാർ പലപ്പോഴും അവനെ ഉപദ്രവിച്ചു. മരുമകൾ ആളെക്കൂട്ടി അവനെ തല്ലിയതോടെയാണ് അവൻ പോയത്. വീട്ടിൽ താമസിച്ചിരുന്നപ്പോൾ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും പൊലീസും നാട്ടുകാരുമെത്തിയാണ് രക്ഷിച്ചതെന്നും തൈത്തുല് ബീവി പറഞ്ഞു.
സമീപത്തെ കോഴിക്കടയിലായിരുന്നു ആദ്യം നൗഷാദിന് ജോലി. പിന്നീട് കുറച്ചുകാലം ജോലി നഷ്ടപ്പെട്ടു. വീണ്ടും അടൂരിൽ മറ്റൊരു കടയിൽ ജോലിക്ക് കയറി. അപ്പോഴാണ് പരുത്തിക്കാട്ടെ വാടകവീട്ടിൽ താമസം തുടങ്ങിയത്. മൂന്നുമാസമാണ് അവിടെ താമസിച്ചത്. അവിടെയും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുടമയും നിർബന്ധിച്ചാണ് ഇവരെ അവിടെനിന്ന് താമസം മാറ്റിയത്. തുടർന്നാണ് നൗഷാദ് ജില്ല വിട്ടതും മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്.