കുവൈത്ത് സിറ്റി > ദുറ എണ്ണപ്പാടത്ത് എണ്ണ പര്യവേക്ഷണവും ഉൽപ്പാദനവും ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി. ഇതിനായി ഇറാനുമായുള്ള അതിർത്തി നിർണയത്തിന് കാത്തുനിൽക്കില്ലെന്നും സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി കൂട്ടിച്ചേർത്തു. ദുറ എണ്ണപ്പാടത്ത് ഇറാന് യാതൊരു അവകാശവും ഇല്ലെന്ന് കുവൈത്ത് നേരത്തെ അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. സമാന രീതിയിൽ സൗദിയും പ്രഖ്യാപനം നടത്തിയിരുന്നു.
കുവൈത്ത് സമുദ്രാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുറ എണ്ണപ്പാടത്തിനു മേൽ ഇറാൻ അവകാശ വാദം ഉന്നയിച്ചിരുന്നു. ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഇറാൻ മറ്റു ആരോപണങ്ങളും നേരത്തെ ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുമ്പ് ആദ്യം അന്താരാഷ്ട്ര സമുദ്രാതിർത്തി നിർണ്ണയത്തിനു ഇറാൻ പ്രതിജ്ഞാബദ്ധരാകണമെന്നായിരുന്നു കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടിരുന്നത്.