മസ്ക്കറ്റ്> മസ്കറ്റിലെ വേനൽ ചൂടിൽ കുളിർ മഴയായി പെയ്തിറങ്ങിയ തുമ്പികൾ കൂടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി ജൂലായ് 14, 15, 20 & 21 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു. നാല് ദിവസങ്ങളിലായി 170 ലേറെ കുട്ടികൾ പങ്കെടുത്തു. വിദ്യാഭ്യാസ പ്രവർത്തകനായ സുനിൽ കുന്നരുവായിരുന്നു ക്യാമ്പ് ഡയരക്ടർ.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വായന – എഴുത്ത് – ചിത്രരചന – നാടകം – സംഗീതം – സിനിമ തുടങ്ങിയ എല്ലാ മേഖലയിലും കുട്ടികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും പരിശീലനവുമാണ് ക്യാമ്പിൽ നൽകിയത്.
സമാപന ദിവസമായ ജൂലൈ 21 ന് സമാപന സമ്മേളനത്തിൽ കൺവീനർ സന്തോഷ്കുമാർ അദ്ധ്യക്ഷനായി. ക്യാമ്പ് ഡയറക്റ്റർ സുനിൽ കുന്നരു സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച ഹ്രസ്വചിത്ര പ്രദർശനം, ചുമർപത്രം, കഥാപ്രദർശനം, വിവിധ കലാപരിപാടികൾ, എന്നിവ അരങ്ങേറി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലവിഭാഗം ജോയിൻ സെക്രടറി റിയാസ് സ്വാഗതവും കോ കൺവീനർ കെ വി വിജയൻ നന്ദിയും പറഞ്ഞു.