റിയാദ്> ആയിരക്കണക്കിന് അനാഥരായ സ്ത്രീ ജീവിതങ്ങൾക്ക് അഭയ സങ്കേതമായ എറണാകുളം ജില്ലയിലെ കടവൂർ ലൗ ഹോമിലെ അന്തേവാസികൾക്ക് സ്നേഹ സ്പർശമേകി കേളി കലാസാംസ്കരിക വേദി. 30 വർഷങ്ങൾ മുമ്പ് മൂന്ന് മാനസിക രോഗികളുമായി വാടക വീട്ടില്‍ ആരംഭിച്ച ലൗ ഹോം ഒൻപത് വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്നേഹഗിരി സിസ്റ്റേഴ്സിന് കൈമാറിയത്. ഇപ്പോൾ 150 അന്തേവാസികളാണ് ഉറ്റവരോ ഉടയവരോ ഇല്ലാതെ തീർത്തും അനാഥരായി ഇവിടെ കഴിയുന്നത്.അവർക്ക് കേളിയുടെ ‘ഹൃദയപൂർവ്വം കേളി’ (ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയിലൂടെ ഒരാഴ്ചത്തെ ഭക്ഷണം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ലൗ ഹോം ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ പദ്ധതിയുടെ വിതരണോത്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവ്വഹിച്ചു. കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ അധ്യക്ഷനായി. ലൗ ഹോം പ്രതിനിധി സിസ്റ്റർ അൽഫോൻസ സ്വാഗതം പറഞ്ഞു. ലൗ ഹോം രക്ഷാധികാരി എൻ പി മാത്തപ്പൻ, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എഎ അൻഷാദ്, സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഐഎം പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി റാജി വിജയൻ, സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗം സീമ സിബി, പോൾ സി ജേക്കബ് , സിബി ആർട്ലൈൻ, സിബിൻ കൂവളളൂർ , ലൗ ഹോമിലെ അന്തേവാസികൾ, ലൗ ഹോമിൽ സേവനം ചെയുന്ന കന്യാസ്ത്രീകൾ എന്നിവർ പങ്കെടുത്തു. ലൗ ഹോം രക്ഷാധികാരി എൻ പി മാത്തപ്പൻ നന്ദി പറഞ്ഞു.
മാനസിക പ്രശ്നങ്ങളും വ്യക്തിത്വ വൈകല്യങ്ങളും മൂലം കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ ആയിരത്തിൽപരം സഹോദരിമാർക്ക് ദീർഘകാല ചികിത്സയും അവരുടെ അഭിരുചിക്കനുസൃതമായ തൊഴിൽ പരിശീലനം സാധ്യമാക്കുകയുംവഴി സ്വാശ്രയ ജീവിതത്തിന് പ്രാപ്തരാക്കുവാൻ ഇതുവരെ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.