തുരാ
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫീസിലേക്ക് ആൾക്കൂട്ട ആക്രമണം. തിങ്കൾ വൈകിട്ടുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും അഞ്ച് സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. തുരായെ ശീതകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെടുന്ന ഗാരോ കുന്നുകൾ ആസ്ഥാനമാക്കിയ സംഘടനാ പ്രവർത്തകരാണ് ആക്രമിച്ചത്.
വൈകിട്ട് ഓഫീസിനു വെളിയിൽ തടിച്ചുകൂടിയ പ്രവർത്തകരോട് മുഖ്യമന്ത്രി ചർച്ച നടത്തുകയായിരുന്നു. ഇതിനിടയിലാണ് ചിലർ ഓഫീസിലേക്ക് കല്ലെറിയാൻ തുടങ്ങിയത്. പൊലീസുകാരടക്കമുള്ള സുരക്ഷാ ജീവനക്കാർ പരിക്കേറ്റ് താഴെവീണു. പരിക്കുണ്ടെങ്കിലും മുഖ്യമന്ത്രി സുരക്ഷിതനാണ്. എന്നാൽ, സംഘർഷം തുടരുന്നതിനാൽ അദ്ദേഹം രാത്രി വൈകിയും ഓഫീസിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സമരം അവസാനിപ്പിച്ച് ശീതകാല തലസ്ഥാനം, ജോലി സംവരണം തുടങ്ങിയ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് വരാൻ മുഖ്യമന്ത്രി പ്രക്ഷോഭകരോട് ആവശ്യപ്പെട്ടതായാണ് വിവരം.