ന്യൂഡൽഹി
മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർടി എംപിമാർ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരിക്കും പ്രതിഷേധം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച ദിവസം മണിപ്പുരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിൽ ഖേദം അറിയിച്ചതല്ലാതെ കലാപത്തെക്കുറിച്ച് യാതൊരു പ്രതികരണവും മോദി ഇതുവരെയായി നടത്തിയിട്ടില്ല. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മണിപ്പുർ വിഷയത്തിൽ വിശദമായ ചർച്ച നടത്തണമെന്നും തുടർന്ന് മോദി മറുപടി പറയണമെന്നുമാണ് പ്രതിപക്ഷ പാർടികളുടെ ആവശ്യം.
എന്നാൽ ആഭ്യന്തര മന്ത്രിയുടെ മറുപടിയോടെയുള്ള ഹ്രസ്വചർച്ചയ്ക്ക് മാത്രമാണ് സർക്കാർ സന്നദ്ധമായിട്ടുള്ളത്. മറ്റ് സഭാനടപടികൾ നിർത്തിവച്ചുകൊണ്ടുള്ള അടിയന്തര ചർച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വർഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസവും മണിപ്പുർ കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
ഡൽഹി ഓർഡിനൻസിന് പകരമായുള്ള ബില്ലടക്കം 28 ബില്ലുകൾ വർഷകാല സമ്മേളനത്തിൽ പാസാക്കാനായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യസഭയിൽ സർക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഡൽഹി ഓർഡിനൻസിന് പകരമായുള്ള ബില്ലടക്കം പ്രധാന ബില്ലുകൾ ബഹളത്തിനിടെ ചർച്ചയില്ലാതെ പാസാക്കാനാകും സർക്കാർ നീക്കം.