ന്യൂഡൽഹി
ബിഹാറിലെ ഹാജിപ്പുർ സീറ്റിനെ ചൊല്ലി എൻഡിഎ ഘടകകക്ഷികൾക്കിടയിൽ തർക്കം. മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനും സഹോദരനുമാണ് ഹാജിപ്പുർ സീറ്റിനായി ഒരേപോലെ അവകാശവാദം ഉന്നയിക്കുന്നത്. പസ്വാൻ നാലുവട്ടം വിജയിച്ച ലോക്സഭാ മണ്ഡലമാണ് ഇത്. നിലവിൽ പസ്വാന്റെ സഹോദരൻ പശുപതിനാഥ് പരസാണ് ഹാജിപ്പുർ എംപി.
രാംവിലാസ് പസ്വാന്റെ മരണശേഷം അദേഹത്തിന്റെ ലോക്ജനശക്തി പാർടി രണ്ടായി പിളർന്നിരുന്നു. സഹോദരൻ പശുപതിനാഥ് പരസ് നേതൃത്വം നൽകുന്ന വിഭാഗം എൻഡിഎയിൽ തുടർന്നപ്പോൾ മകൻ ചിരാഗ് പസ്വാൻ നേതൃത്വം നൽകുന്ന വിഭാഗം ബിജെപിയോട് അകലം പാലിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന എൻഡിഎ യോഗത്തിലേക്ക് പരമാവധി കക്ഷികളെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചിരാഗ് പസ്വാനെയും ബിജെപി ക്ഷണിച്ചു. യോഗത്തിനിടെ പരസിന്റെയും മോദിയുടെയും കാലിൽ തൊട്ട് ചിരാഗ് പസ്വാൻ അനുഗ്രഹം തേടിയതോടെ രണ്ട് ലോക്ജനശക്തി വിഭാഗങ്ങളും യോജിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഹാജിപ്പുരിൽ ചിരാഗ് പസ്വാൻ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ വന്നു.
ഇതോടെയാണ് നിലപാട് വ്യക്തമാക്കി പശുപതിനാഥ് പരസ് രംഗത്തുവന്നത്. ഹാജിപ്പുരിൽ അടുത്ത തെരഞ്ഞെടുപ്പിലും താൻ തന്നെ മത്സരിക്കുമെന്നും ചിരാഗ് പസ്വാനുമായി ഒരു അടുപ്പവുമില്ലെന്നും പരസ് വ്യക്തമാക്കി. ഹാജിപ്പുരിൽ മറ്റാർക്കെങ്കിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് മുന്നോട്ടുവരാം.
എന്നാൽ, എൻഡിഎയുടെ സ്ഥാനാർഥി താൻ തന്നെയായിരിക്കും. തുടക്കംമുതൽ എൻഡിഎയുടെ ഭാഗമായി നിന്നത് തങ്ങളാണ്. ചിരാഗ് പസ്വാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കെതിരെ സ്ഥാനാർഥികളെ നിർത്തിയ വ്യക്തിയാണ്–- പരസ് പറഞ്ഞു.