കോട്ടയം
ഇന്ത്യയിൽ നമ്മൾ വിഭാവനം ചെയ്തതിൽനിന്ന് വ്യത്യസ്തമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സാഹിത്യകാരൻ ബെന്യാമിൻ. സാധാരണക്കാരും രാഷ്ട്രീയക്കാരും എഴുത്തുകാരുമെല്ലാം ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. എൻസിപി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെ മനുഷ്യനെ വിഭജിക്കാമെന്ന് ചിന്തിക്കുന്നവർ രണ്ട് ഗോത്രക്കാരെ തമ്മിൽതല്ലിക്കുന്നു. ഇതിനെ ചെറുക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പ്രവർത്തകരുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്. വലതുപക്ഷം അവർ നടപ്പാക്കുന്ന കാര്യങ്ങളെ ശരിയെന്ന് സ്ഥാപിക്കാൻ ആശയലോകം തീർക്കുകയാണ്. അവർ പറയുന്ന ചരിത്രം ശരിയാണോ എന്നറിയാനും അവരെ പ്രതിരോധിക്കാനും നമുക്കെല്ലാം വായന വേണം. മൂർച്ചയുള്ള ആക്ഷേപഹാസ്യമായിരുന്നു ഉഴവൂർ വിജയന്റെ പ്രസംഗങ്ങൾ. കുഞ്ചൻ നമ്പ്യാരും വി കെ എന്നും ചെയ്തത് തന്നെയാണ് ഉഴവൂർ വിജയൻ പൊതുവേദികളിൽ ചെയ്തതെന്നും ബെന്യാമിൻ പറഞ്ഞു.
മന്ത്രി വി എൻ വാസവനാണ് ബന്യാമിന് 25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരദാന ചടങ്ങും അനുസ്മരണസമ്മേളനവും എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. സഹായധന വിതരണം മന്ത്രി എ കെ ശശീന്ദ്രൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അവാർഡ് ജൂറി ചെയർമാൻ സിറിയക് തോമസ്, സ്വാഗതസംഘം ജനറൽ കൺവീനർ സാബു മുരിക്കവേലി, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജൻ, ലതിക സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.