ന്യൂഡൽഹി
കലാപത്തിന് അറുതിയില്ലാത്ത മണിപ്പുരിൽ വിവിധ മേഖലകളിൽ വെടിവയ്പ്പും അക്രമസംഭവങ്ങളും തുടരുന്നു. ശനിരാത്രിയിലും പല മേഖലകളിലും ഏറ്റുമുട്ടലുകളുണ്ടായതായാണ് റിപ്പോർട്ട്. അതിനിടെ സംസ്ഥാനത്ത് സ്ത്രീകൾ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കപ്പെട്ടതിന്റെ കൂടുതൽ വിവരം പുറത്തുവന്നു. മെയ് പതിനഞ്ചിന് 18 വയസ്സുള്ള കുക്കി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. താൻ നേരിട്ട ക്രൂരത പെൺകുട്ടി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കുക്കി സ്ത്രീകളെ തീവ്ര മെയ്ത്തീ സംഘടനാ പ്രവർത്തകർ നഗ്നരാക്കി നടത്തിയ അതേ ദിവസംതന്നെ മറ്റ് രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും ലോകമറിഞ്ഞത്.
മെയ് മൂന്നിന് കലാപം ആരംഭിച്ചശേഷം 27 കുക്കി സ്ത്രീകൾ പീഡനത്തിന് ഇരയാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിവിധ കുക്കി സംഘടനകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴ് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. എട്ട് സ്ത്രീകളെ അടിച്ചുകൊന്നു. രണ്ടുപേരെ ജീവനോടെ കത്തിച്ചു. അഞ്ചുപേർ വെടിയേറ്റു മരിച്ചു. മൂന്നുപേർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി. രണ്ടുപേരുടെ മരണകാരണം വ്യക്തമല്ല. സ്ത്രീകൾ ആക്രമിക്കപ്പെട്ട കേസുകളിലൊന്നും പൊലീസ് നടപടികളിലേക്ക് കടന്നില്ല. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടശേഷം ആ കേസിൽ മാത്രം ചില അറസ്റ്റുണ്ടായി. കുക്കി സ്ത്രീകൾ ആക്രമിക്കപ്പെട്ട ഘട്ടത്തിലൊന്നും പൊലീസ് ഇടപെട്ടില്ല–- സംഘടനകൾ അറിയിച്ചു.
കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടശേഷം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പതിനെട്ടുകാരി മാധ്യമങ്ങളോട് പറഞ്ഞു. എടിഎമ്മിൽനിന്ന് പണം എടുക്കാൻ പോയപ്പോൾ വാഹനത്തിൽ എത്തിയ ചിലർ തടഞ്ഞ് ആധാർ കാർഡ് ആവശ്യപ്പെട്ടു. ആധാർ എടുത്തിട്ടില്ലെന്നു പറഞ്ഞപ്പോൾ ബലമായി വാഹനത്തിൽ കയറ്റി. മെയ്ത്തീകൾക്ക് സ്വാധീനമുള്ള മേഖലയിൽ എത്തിച്ചശേഷം ‘മെയ്രാ പെയ്ബി’കൾക്ക് (മെയ്ത്തീ സ്ത്രീസംഘടന) കൈമാറി. അവർ ക്രൂരമായി മർദിച്ചു. തുടർന്ന് തീവ്രസംഘടനയായ ആരംബായി തെങ്കോൽ പ്രവർത്തകരെ വിളിച്ചുവരുത്തി. അവർ വാഹനത്തിൽ ഒരു കുന്നിൻമുകളിലേക്ക് കൊണ്ടുപോയി. മൂന്നുപേർ പീഡിപ്പിച്ചു. തുടർന്ന് കൊല്ലാൻ പദ്ധതിയിട്ടു. ഒരുവിധം മലമുകളിൽനിന്ന് താഴേക്ക് ഉരുണ്ട് രക്ഷപ്പെട്ടു. പച്ചക്കറി കയറ്റിയെത്തിയ ഒരു ഓട്ടോക്ക് കൈകാണിച്ചു. ഭാഗ്യവശാൽ അത് ഓടിച്ചിരുന്നത് മെയ്ത്തീ മുസ്ലിമായിരുന്നു. അദ്ദേഹം പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു രക്ഷപ്പെടുത്തി–- പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മിസോറമും അസ്വസ്ഥമാകുന്നു
മണിപ്പുർ കലാപത്തിന്റെ കാലുഷ്യം സമീപ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ആക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്കയിൽ മിസോറമിൽനിന്ന് നൂറുകണക്കിനു മെയ്ത്തീ വിഭാഗക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് പലായനം തുടങ്ങി. കൂടുതൽ പേരും വിമാനമാർഗം മണിപ്പുരിലേക്കാണ് പോകുന്നത്. മണിപ്പുരിലേക്ക് വരാൻ ആഗ്രഹിക്കുന്ന മെയ്ത്തീകളെ വിമാനമാർഗം ഒഴിപ്പിക്കാൻ സന്നദ്ധമാണെന്ന് ബിരേൻസിങ് സർക്കാർ അറിയിച്ചു. അതേസമയം, മെയ്ത്തീകൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എല്ലാ സംരക്ഷണവും ഒരുക്കുമെന്നും മിസോറം സർക്കാർ പ്രതികരിച്ചു.
മണിപ്പുരിൽനിന്നും തെക്കൻ അസമിൽനിന്നുമുള്ള മൂവായിരത്തോളം മെയ്ത്തീകളാണ് മിസോറം തലസ്ഥാനമായ ഐസോളിലുള്ളത്. മണിപ്പുരിൽ കുക്കികൾ പീഡിപ്പിക്കപ്പെടുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് മിസോറമിലെ ഒരു തീവ്രവാദസംഘടനയിൽ നേരത്തേ പ്രവർത്തിച്ചിരുന്നവരുടെ കൂട്ടായ്മയായ പാമ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ചമുതൽ ഐസോളിൽനിന്ന് വിമാനമാർഗവും മറ്റും മെയ്ത്തീകൾ പുറത്തുകടന്നുതുടങ്ങി. ഞായറാഴ്ച അലയൻസ് എയർ വിമാനത്തിൽ അറുപതിനടുത്ത് മെയ്ത്തീകൾ മണിപ്പുരിലേക്ക് പറന്നു.
മിസോറമിലെ മിസോ വിഭാഗക്കാർ കുക്കി വിഭാഗവുമായി അടുത്ത വൈകാരിക ബന്ധം പുലർത്തുന്നവരാണ്. കുക്കി സ്ത്രീകളെ നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മിസോറമിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. മണിപ്പുർ വിഷയത്തിൽ ചൊവ്വാഴ്ച ഐസോളിൽ പ്രതിഷേധറാലിക്കുള്ള ആഹ്വാനവുമുണ്ട്. റാലിക്കുശേഷം ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് മെയ്ത്തീവിഭാഗക്കാർ കൂട്ടത്തോടെ നഗരം വിട്ടുതുടങ്ങിയത്.