തിരുവനന്തപുരം
മഴ ശക്തമായി തുടരുന്ന വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചു. തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ നാശം വിതച്ചു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. മലയോരമേഖലകളിൽ മണ്ണിടിച്ചിലും വ്യാപകമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
താമരശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് വെള്ളക്കെട്ടിൽ വീണു മരിച്ചത്. ഞായർ വൈകിട്ടാണ് അപകടം. ട്യൂഷന് പോകുന്ന വഴിയുടെ സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. കുട്ടികൾ വരാത്തതിനാൽ അധ്യാപിക വീട്ടുകാരെ വിളിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വെള്ളം നിറഞ്ഞ പാറക്കെട്ടിൽനിന്ന് കുട്ടികളെ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമ്മ: നജീറ.
തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ് നെടുപുഴ തീക്കോടൻ ആഷിക്കിനെയാണ് (23) കാണാതായത്. സുഹൃത്തുക്കളായ നെടുപുഴ കോരത്ത് വളപ്പിൽ നീരജ് (23), പാലക്കൽ തട്ടിൽ ആഷിക് (23) എന്നിവർ രക്ഷപ്പെട്ടു. ഞായർ വൈകിട്ട് ആറിനാണ് അപകടം.
വയനാട്ടിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു. കനത്ത മഴയിൽ കണ്ണൂരിൽ വീട്–-കൃഷി നാശമുണ്ടായി. കോളയാട് ആക്കംമൂലയിൽ ചിറ്റേരി ബാബുവിന്റെ നിർമാണത്തിലിരുന്ന ഇരുനില കോൺക്രീറ്റ് വീട് തകർന്നു. കാസർകോട്ട് മരങ്ങൾ വീണ് വ്യാപകമായി ഗതാഗതത്തടസ്സവും വൈദ്യുതിത്തടസ്സവും ഉണ്ടായി.