യോസു (കൊറിയ)
ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യത്തിന് കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ ലോകത്തെ ഒന്നാംറാങ്കുകാരായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ–-മുഹമ്മദ് അർഡിനാന്റോ കൂട്ടുകെട്ടിനെ കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമാണ് രാജകീയ തിരിച്ചുവരവ്. സ്കോർ: 17–-21, 21–-13, 21–-14. ഈ സീസണിൽ ഇന്ത്യൻ ജോഡിയുടെ നാലാംകിരീടമാണ്. സ്വിസ് ഓപ്പൺ, ഇന്തോനേഷ്യ ഓപ്പൺ, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിൽ ജേതാക്കളായിരുന്നു.
റാങ്കിങിൽ മൂന്നാമതുള്ള ഇന്ത്യൻ കൂട്ടുകെട്ട് ആദ്യ ഗെയിമിൽ ഒപ്പം പിടിക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. 2–-2 സ്കോറിൽനിന്ന് ഇന്തോനേഷ്യൻ സഖ്യം അതിവേഗം 4–-2ലേക്കും 9–-3ലേക്കും കുതിച്ചു. സ്കോർ 18–-10ൽ നിൽക്കെ തുടർച്ചയായി അഞ്ച് പോയിന്റ് നേടി ഇന്ത്യ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ, വൈകാതെ ഗെയിം കൈവിട്ടു.
രണ്ടാംഗെയിം ഒപ്പത്തിനൊപ്പമായിരുന്നു. തകർപ്പൻ ഷോട്ടുമായി ഇന്ത്യൻ കൂട്ടുകെട്ട് മുന്നേറിയപ്പോൾ ലീഡ് 8–-4ലേക്കും 14–-10ലേക്കും കുതിച്ചു. ആ താളം വിട്ടുകൊടുക്കാതെ ഗെയിമും കളിയുടെ നിയന്ത്രണവും സ്വന്തമാക്കി. നിർണായകമായ അവസാന ഗെയിമിൽ തുടക്കംമുതൽ ഇന്ത്യയായിരുന്നു മുന്നിൽ. സാത്വിക്കും ചിരാഗും പിഴവില്ലാതെ കളംനിറഞ്ഞപ്പോൾ മറുപടിയില്ലാതെ ഇന്തോനേഷ്യൻ കളിക്കാർ നിഷ്പ്രഭരായി. തുടക്കത്തിൽ നേടിയ 5–-3 ലീഡ് 10–-7, 14–-11ലേക്ക് കുതിച്ചതോടെ ഇന്ത്യൻ വിജയം വരവായി.
ഇരുകൂട്ടരും ഇതിനുമുമ്പ് നാലുതവണ ഏറ്റമുട്ടിയപ്പോൾ രണ്ടുവീതം വിജയം പങ്കിട്ട് എടുക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരനായ സാത്വിക് ആന്ധ്ര സ്വദേശിയാണ്. 25 വയസ്സുള്ള ചിരാഗ് മുംബൈ സ്വദേശിയും. ഇരുവരും എട്ടുവർഷമായി ഡബിൾസിൽ ഇന്ത്യയെ നയിക്കുന്നു. കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി. തോമസ് കപ്പ് സ്വർണത്തിലും നിർണായകമായി.