ന്യൂഡൽഹി
സത്യം പറഞ്ഞതിനാണ് തന്നെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയതെന്ന് രാജസ്ഥാൻ മുൻ മന്ത്രി രാജേന്ദ്ര ഗുദ. മരിക്കുന്നതുവരെ സത്യം വിളിച്ചുപറയുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ അശോക് ഗെലോട്ട് സർക്കാർ പരാജയമാണെന്ന് പറഞ്ഞതിനാണ് കഴിഞ്ഞദിവസം ഗുദയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.
പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ആണ് രാജേന്ദ്ര ഗുദ. മന്ത്രിയെ പുറത്താക്കിയതിൽ അസംതൃപ്തനായ സച്ചിൻ ഇത് ഹൈക്കമാൻഡിനെ ധരിപ്പിച്ചെന്നാണ് വിവരം. ഇതോടെ ചെറിയ ഇടവേളയ്ക്കുശേഷം രാജസ്ഥാനിൽ ഗെലോട്ട്–-സച്ചിൻ വാക്പോര് തുടങ്ങി.
മന്ത്രിയെ പുറത്താക്കിയ നടപടിയെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ന്യായീകരിച്ചു. സംസ്ഥാനം പുരോഗമന സ്വഭാവമുള്ളതാണെന്നും ആഭ്യന്തരവിഷയങ്ങൾ പാർടിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും ഗെലോട്ട് പറഞ്ഞു. ഗുദയെ നേരത്തേതന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും ബിജെപിയുടെ ഭാഷയിൽ സംസാരിക്കുന്നത് ആരാണെങ്കിലും അംഗീകരിക്കാനാകില്ലെന്നും പിസിസി ഉപാധ്യക്ഷ അമൃത ധവാൻ പറഞ്ഞു.
പാർടിയിൽനിന്ന് ഗുദയെ പുറത്താക്കിയിട്ടില്ല. നേരത്തേ സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാൻ ഹൈക്കമാൻഡിനെ പരസ്യമായി വെല്ലുവിളിച്ച നേതാവാണ് ഗുദ.