ന്യൂഡൽഹി
പ്രതിരോധ ഇടപാടുകൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ച് തെഹൽക്ക പുറത്തുവിട്ട ഒളികാമറാ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മുൻ സൈനിക ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. 2001ൽ ‘ഓപ്പറേഷൻ വെസ്റ്റ്എൻഡ്’ എന്ന പേരിൽ നടത്തിയ ഒളികാമറാ ഓപ്പറേഷനിലൂടെ മേജർജനറലായിരുന്ന എം എസ് അലുവാലിയെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
തെഹൽക്കാ ഉടമകളായ ബഫല്ലോ കമ്യൂണിക്കേഷൻസ്, മുൻ എഡിറ്റർ തരുൺതേജ്പാൽ, മാധ്യമപ്രവർത്തകരായ അനിരുദ്ധാബഹൽ, മാത്യുസാമുവൽ എന്നിവർ അലുവാലിയക്ക് രണ്ടുകോടി നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് നീനാ ബൻസാൽകൃഷ്ണ ഉത്തരവിട്ടു. സത്യസന്ധനായ സൈനിക ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ താറടിക്കുന്ന തരത്തിൽ വാർത്ത നൽകി 22 വർഷത്തിനുശേഷം ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിരോധ ഇടപാടുകൾക്ക് അനുമതി നൽകാൻ ഓർഡിനൻസ് ഡയറക്ടർ ജനലറായിരുന്ന എം എസ് അലുവാലിയ കോഴ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന ഒളികാമറാ ദൃശ്യങ്ങൾ തെഹൽക്കാ.കോം വെബ്സൈറ്റും സീ ടിവി നെറ്റ്വർക്കുമാണ് പുറത്തുവിട്ടത്.
വെസ്റ്റ്എൻഡ് ഇന്റർനാഷണൽ കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് തെഹൽക്ക സംഘം അലുവാലിയെ സമീപിച്ചത്. അവർ അലുവാലിയക്ക് 50,000 രൂപ കോഴ വാഗ്ദാനം ചെയ്തു. എന്നാൽ, താൻ കോഴ സ്വീകരിച്ചിട്ടില്ലെന്നും കോഴ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട് ചെയ്തത് അപകീർത്തികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.