തിരുവനന്തപുരം
കോൺഗ്രസിലെ ചില കേന്ദ്രങ്ങളുടെകൂടി താൽപ്പര്യത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്തകൾ ധൃതിയിൽ സജീവമാക്കിയത് വരാൻ പോകുന്ന ചർച്ചകളിലേക്കുള്ള സൂചന. അനവസരത്തിലാണ് ചർച്ചയെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾതന്നെ പുതുപ്പള്ളിയിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ യോഗ്യനാണെന്ന പരസ്യ നിലപാടെടുത്തുകഴിഞ്ഞു.
നിയമസഭ ഔദ്യോഗികമായി പുതുപ്പള്ളിയിലെ ഒഴിവ് റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ തയ്യാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി. 24ന് കെപിസിസിയുടെ ഔദ്യോഗിക അനുശോചന യോഗം കഴിഞ്ഞാലുടൻ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഉമ്മൻചാണ്ടി അന്തരിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോൾത്തന്നെ ചില മാധ്യമങ്ങൾ പു തുപ്പള്ളിയിൽ അഭിപ്രായ സർവേ പോലും നടത്തി. യുഡിഎഫിനെ സഹായിക്കലാണ് ലക്ഷ്യമെന്ന് വ്യക്തം. ഉമ്മൻചാണ്ടിയുടെ ജനപ്രിയതയെക്കുറിച്ച് ആർക്കും തർക്കമില്ല. വിലാപയാത്രയിൽ പങ്കെടുത്തത് മുഴുവൻ യുഡിഎഫുകാരാണെന്ന് കോൺഗ്രസ് നേതാക്കൾപോലും പറയില്ല, പക്ഷേ, ചില മാധ്യമങ്ങൾ അതും പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയവും പരിഗണനയ്ക്ക് വരരുതെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പുതുപ്പള്ളി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം, രോഗംമൂലം ഉമ്മൻചാണ്ടി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന ഘട്ടത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിവാദങ്ങൾ, അതിനു പിന്നിൽ നിന്നവരുടെ ലക്ഷ്യം, ആരാണ് പിൻഗാമിയാകേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തുടങ്ങി നിരവധി കാര്യങ്ങൾ മുന്നിലുണ്ട്. പുതുപ്പള്ളിയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. 2016ൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻചാണ്ടിക്ക് 2021ൽ 9,044 വോട്ടിന്റെ മേൽക്കൈ മാത്രമാണ് നേടാനായത്. രണ്ടുതവണയും ജെയ്ക് സി തോമസായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. അരനൂറ്റാണ്ട് പ്രതിനിധാനംചെയ്ത മണ്ഡലത്തിൽ കുടുംബവാഴ്ച വേണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മണിപ്പുരിൽ ഉൾപ്പെടെ കോൺഗ്രസിന് സുശക്തമായ നിലപാട് കൈക്കൊള്ളാൻ കഴിയാത്തത് ക്രൈസ്തവസഭകളിലടക്കം ചർച്ചയാണ്. രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നതും യുഡിഎഫ് കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നതും പ്രസക്തവുമാണ്. ഇങ്ങനെയുള്ള സുപ്രധാന രാഷ്ട്രീയ സാഹചര്യങ്ങളൊന്നും പുതുപ്പള്ളിയിലെ സജീവ വിഷയമല്ലെന്ന് വരുത്താനാണ് മുൻകൂർ ചർച്ചകൾ.
വിജ്ഞാപനമായി
തിരുവനന്തപുരം
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് പുതുപ്പള്ളി സീറ്റിൽ ഒഴിവുവന്നതായി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏത് തെരഞ്ഞെടുപ്പും നേരിടാൻ സജ്ജം: ഇ പി
|തിരുവനന്തപുരം
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മറ്റു നടപടികളിലേക്ക് എൽഡിഎഫ് കടക്കുമെന്ന് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഏതു തെരഞ്ഞെടുപ്പു വന്നാലും നേരിടാൻ സംഘടനാപരമായി സജ്ജമാണ്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായപ്പോൾ പ്രതിരോധിക്കുകയാണ് താൻ ചെയ്തത്. എന്നാൽ, തനിക്കെതിരെ തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. അതിന് അവർ മാപ്പുപറയണമെന്ന് പറയില്ല, എന്നാൽ തെറ്റുപറ്റിയെന്ന് അവർ പറയണം. തന്നെ കാണാനില്ലെന്നു പറയുന്നത് സൂക്ഷിച്ചുനോക്കാത്തതുകൊണ്ടാണ്. താൻ ഇവിടെത്തന്നെയുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.