ന്യൂഡൽഹി
കൂട്ടമാനഭംഗത്തിനിരയായ സ്ത്രീകൾക്ക് നീതിയാവശ്യപ്പെട്ടും കുക്കി ഭൂരിപക്ഷപ്രദേശങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെട്ടും ഡൽഹിയിൽ വൻ പ്രതിഷേധം. ജന്തർ മന്തറിൽ സംയുക്ത കുക്കി വിദ്യാർഥി ഫോറം നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു. മുഖ്യമന്ത്രി എൻ ബിരേൻസിങ്ങിലും സിബിഐയിലും വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച കുക്കി നേതാക്കൾ അക്രമസംഭവങ്ങളിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
മണിപ്പുരിലെ ഏതാനും സായുധ സംഘടനകളെപ്പോലെ സ്വാതന്ത്ര്യമല്ല വേണ്ടത്. പകരം ഭരണഘടനാപരമായ സ്വയംഭരണമാണ് വേണ്ടതെന്നും കുക്കി നേതാക്കൾ പറഞ്ഞു. ഭൂമിശാസ്ത്രപരവും മാനസികവുമായി മെയ്ത്തീകളിൽനിന്ന് വിഭജിക്കപ്പെട്ടു കഴിഞ്ഞു. ബിരേൻസിങ്ങിന്റെ കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണത്തിൽ തുടരാനാകില്ല.
പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന സ്ത്രീയെയടക്കമാണ് മെയ്ത്തീ അക്രമികൾ അഗ്നിക്കിരയാക്കിയത്. കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹങ്ങൾ ഇംഫാലിലെത്തി ഏറ്റെടുക്കാൻപോലും കഴിയാതെ മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. അവസാനംവരെ പോരാട്ടം തുടരുമെന്നും വിഭജിതരാകാതെ ജാഗ്രത പുലർത്തണമെന്നും കുക്കികളോട് നേതാക്കൾ ഉപദേശിച്ചു.
ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുംമുമ്പ് ആധികാരികത ഉറപ്പുവരുത്താനും ആഹ്വാനംചെയ്തു. ദേശീയഗാനം പാടിയാണ് പ്രക്ഷോഭകാരികൾ പിരിഞ്ഞത്. സമരവേദിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.