ന്യൂഡൽഹി
മണിപ്പുരിൽ കുക്കി വനിതകളെ നഗ്നരായി നടത്തിയശേഷം കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമീപ സംസ്ഥാനമായ മിസോറമിൽനിന്ന് മെയ്ത്തീകളുടെ പലായനം. സ്വന്തം ജീവൻ രക്ഷിക്കാൻ എത്രയും വേഗം മിസോറം വിടണമെന്ന എംഎൻഎഫ് വിമത സംഘടനയായ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷന്റെ മുന്നറിയിപ്പിനെ തുടർന്നാണ് മണിപ്പുരിലേക്ക് മെയ്ത്തീകൾ മടങ്ങിത്തുടങ്ങിയത്.
മണിപ്പുരിൽ കുക്കികൾക്ക് എതിരായ മെയ്ത്തീകളുടെ പ്രാകൃതമായ പ്രവൃത്തി മിസോ യുവാക്കളിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ടെന്നും മിസോറം വിട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് മെയ്ത്തീ വിഭാഗക്കാർ മാത്രമായിരിക്കും ഉത്തരവാദികളെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി സി ലാൽതെൻലോവബ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മെയ്ത്തീകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വാഭാവിക മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും ലാൽതെൻലോവബ പറഞ്ഞു.
ശനി രാത്രിവരെ നൂറോളം മെയ്ത്തീ കുടുംബങ്ങളാണ് സംസ്ഥാനം വിട്ടത്. ബാക്കിയുള്ളവർക്കായി ഞായറാഴ്ച പ്രത്യേക വിമാനങ്ങൾ മണിപ്പുർ സർക്കാർ സജ്ജമാക്കി. ഐസ്വാൾ– -ഇംഫാൽ, ഐസ്വാൾ–-അസമിലെ സിൽച്ചർ എന്നിവിടങ്ങളിലേക്കാകും സർവീസ്. മെയ്ത്തീകളോട് മാത്രമാണ് അഭ്യർഥനയെന്ന് മിസോ നാഷണൽ ഫ്രണ്ട് മുൻ വിമതരുടെ സംഘടന കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് മെയ്ത്തീ കുടുംബങ്ങൾക്ക് പുറമെ മണിപ്പുരിൽനിന്നുള്ള വിദ്യാർഥികളും മിസോറമിലുണ്ട്. പലായനത്തോടെ ഇവരുടെ ഭാവിയും തുലാസിലാകുകയാണ്. മണിപ്പുർ സംഘർഷങ്ങളിൽ ആശങ്ക പങ്കുവച്ച മിസോറം മുഖ്യമന്ത്രി സോരംതംഗ മെയ്ത്തീകളുടെ സുരക്ഷ മണിപ്പുർ സർക്കാരിന് ഉറപ്പുനൽകിയിരുന്നു.