കൊച്ചി
ബിജെപി സർക്കാർ 2017ൽ അധികാരമേറ്റതുമുതൽ മണിപ്പുരിൽ തുടങ്ങിയ പ്രശ്നങ്ങളുടെ പരമ്പരയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡൽഹി കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോ. ലംതിൻതാങ് ഹൗകിപ്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരസംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എൻ ബിരേൻസിങ് രാജിവയ്ക്കണമെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയിട്ടും നിരവധി കൊലപാതകങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. 24 മണിക്കൂറിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ഈ രീതിയിലെത്തിച്ചത്. ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ കുക്കികൾക്കെതിരെ മെയ്ത്തീ വിഭാഗത്തെ ഉപയോഗിച്ചാണ് ആക്രമണം. ആർഎസ്എസ് പിന്തുണയുള്ള അറംബായ് ടെങ്കോൾ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ക്രിസ്ത്യൻ പള്ളികൾ തകർത്തത്. സ്ത്രീകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിയതിന് സമാനമായ ഒട്ടനവധി സംഭവങ്ങളുണ്ട്.
ഇംഫാൽ താഴ്വരയിലെ ഭൂരിപക്ഷമായ മെയ്ത്തീ വിഭാഗമാണ് ഇവിടത്തെ അച്ചടി–-ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അവർ പടച്ചുവിടുന്ന നുണവാർത്തയാണ് സമൂഹമാധ്യമങ്ങളിലടക്കം വരുന്നത്. മണിപ്പുരിനെക്കുറിച്ച് ഇവിടെനിന്നുള്ള മാധ്യമങ്ങൾ നൽകുന്ന ഭൂരിഭാഗം വാർത്തയും വ്യാജമാണ്.
കുക്കി വനിതകൾക്കെതിരായ അതിക്രമത്തിന്റെ വീഡിയോ വന്നശേഷം രണ്ടുദിവസംമുമ്പുമാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവാക്ക് സംസാരിച്ചത്. സംസ്ഥാന സർക്കാരിന്റെ സേനയുടെ നാലായിരത്തോളം അത്യന്താധുനിക ആയുധങ്ങളാണ് മെയ്ത്തീ തീവ്രവാദികൾ കൈയടക്കിയത്. ഈ അവസ്ഥയിൽ കുക്കി വിഭാഗങ്ങൾ സംസ്ഥാനത്ത് ഒട്ടും സുരക്ഷിതരല്ല. ആയുധങ്ങൾ തിരിച്ചുപിടിക്കാൻ ആറുമാസത്തേക്കെങ്കിലും 1958ലെ ആംഡ് ഫോഴ്സസ് (സ്പെഷ്യൽ പവർ) ആക്ട് പുനഃസ്ഥാപിക്കണം. ഇരുവിഭാഗങ്ങളും അധിവസിക്കുന്ന സ്ഥലങ്ങൾ നിരായുധീകരണ മേഖലയാക്കണം.
കുക്കികൾക്ക് ആശുപത്രിയിൽ പോകാൻപോലും പറ്റാത്ത സാഹചര്യമുണ്ട്. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും പറ്റുന്നില്ല. മണിപ്പുർ പ്രശ്നപരിഹാരത്തിന് കേരളത്തിൽനിന്നുള്ള ജനപ്രതിനിധികൾ പാർലമെന്റിൽ ശബ്ദമുയർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.