കൊളംബോ
കൈവിട്ട കളി സ്പിൻ ബൗളിങ്ങിൽ തിരിച്ചുപിടിച്ച് യുവ ഇന്ത്യ. എമർജിങ് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗ്ലാദേശ് എ ടീമിനെ 51 റണ്ണിന് തോൽപ്പിച്ച് ഇന്ത്യ എ ടീം ഫൈനലിൽ കടന്നു. കിരീടത്തിനായി നാളെ പാകിസ്ഥാൻ എ ടീമിനെ നേരിടും. സെമിയിൽ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിൽ പാളിപ്പോയ ഇന്ത്യ സ്പിൻ ബൗളിങ്ങിലൂടെ തിരിച്ചുവരികയായിരുന്നു. സ്കോർ: ഇന്ത്യ 211 (49.1), ബംഗ്ലാദേശ് 160 (34.2). നാലാമനായി ഇറങ്ങി അവസാനംവരെ പൊരുതിയ ക്യാപ്റ്റൻ യാഷ് ദുളാണ് സ്കോർ 200 കടത്തിയത്. 90 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ ഇന്ത്യ ഒരുവേള 7–-137 എന്ന സ്കോറിൽ പ്രതിസന്ധിയിലായി. 85 പന്തിൽ 66 റണ്ണടിച്ച യാഷ് ദുൾ വാലറ്റക്കാരായ മാനവ് സുതറിനെയും (21) ഹംഗർഗേക്കറിനെയും (15) കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തി. ആറ് ഫോറടിച്ച ക്യാപ്റ്റനാണ് കളിയിലെ താരം. ഓപ്പണർ അഭിഷേക് ശർമ 34 റൺ നേടി. സായ് സുദർശൻ 21 റണ്ണടിച്ചു.
ബംഗ്ലാദേശിന്റെ മറുപടി തുടക്കത്തിൽ അനായാസമായിരുന്നു. 12 ഓവറിൽ 69 റണ്ണുമായി മുന്നേറിയ ഓപ്പണർമാരെ വീഴ്ത്തി സ്പിന്നർമാർ കളിപിടിച്ചു. നാല് ഓവറാണ് പേസർമാർക്ക് എറിയാൻ കിട്ടിയത്. 10 വിക്കറ്റും സ്പിന്നർമാർക്കാണ്. പത്തൊമ്പതുകാരൻ ഇടംകൈയൻ സ്പിന്നർ നിഷാന്ത് സിന്ധു എട്ട് ഓവറിൽ 20 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
മാനവ് സുതറിന് മൂന്ന് വിക്കറ്റുണ്ട്. അഭിഷേക് ശർമയ്ക്കും യുവരാജ് സിങിനും ഓരോന്നുവീതം. ബംഗ്ലാദേശിന്റെ അവസാന ഏഴ് വിക്കറ്റ് വീണത് 60 റണ്ണിനാണ്. ഓപ്പണർമാരായ തൻസിദ് ഹസ്സനും (51) മുഹമ്മദ് നയീമും (38) മികവുകാട്ടി. ശ്രീലങ്കൻ എ ടീമിനെ 60 റണ്ണിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. അഞ്ച് വിക്കറ്റെടുത്ത അർഷദ് ഇഖ്ബാലാണ് പാകിസ്ഥാന് വിജയമൊരുക്കിയത്. സ്കോർ: പാകിസ്ഥാൻ 322 (50), ശ്രീലങ്ക 262 (45.4). ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നത് രണ്ടാംതവണയാണ്. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു.















