ന്യൂഡൽഹി
കോടതി നിർദേശമില്ലാതെ കശ്മീരിലെ വിഘടനവാദി നേതാവ് യാസീൻ മാലിക്കിനെ ഹാജരാക്കിയ പൊലീസ് നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. യാസീൻ മാലിക്കിനെതിരെ ജമ്മു പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചിരുന്നു. ഇതിനിടെയാണ് യാസീൻമാലിക്കിനെ ഹാജരാക്കിയത്. യാസീൻമാലിക്കിനെ കണ്ട് കോടതി ആശ്ചര്യപ്പെട്ടു.
എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് അന്വേഷിച്ചു. ഗുരുതരമായ പിഴവാണ് ഉണ്ടായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത പ്രതികരിച്ചു. ജയിൽ അധികൃതർ തെറ്റിധാരണയുടെ പുറത്ത് ഇയാളെ കോടതിയിൽ ഹാജരാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിലാണ് യാസീൻ മാലിക്.















