ബംഗളൂരു
ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രതീക്ഷ നൽകി പേസർ ജസ്പ്രീത് ബുമ്രയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും പരിശീലനം തുടങ്ങി.
പരിക്കുകാരണം പുറത്തായിരുന്ന പ്രസിദ്ധ് കൃഷ്ണ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണെന്ന് ബിസിസിഐ അറിയിച്ചു.
ബുമ്ര 10 മാസമായി കളത്തിന് പുറത്താണ്. പൂർണമായി ശാരീരികക്ഷമത വീണ്ടെടുത്ത പേസർ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലന മത്സരം കളിക്കും. അയർലൻഡ് പര്യടത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമിലും ഇടംപിടിക്കാൻ സാധ്യതയുണ്ട്. പ്രസിദ്ധും ശാരീരികക്ഷമത വീണ്ടെടുത്തു. ഏഷ്യാ കപ്പിലും തുടർന്ന് ഏകദിന ലോകകപ്പിലും ഇരുവരും കളിക്കുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന.
അടുത്തമാസമാണ് ഏഷ്യാ കപ്പ്. ലോകകപ്പ് ഒക്ടോബർ അഞ്ചിനും തുടങ്ങും. കഴിഞ്ഞവർഷം ഡിസംബറിലെ കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ പന്തിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ഏഴ് മാസംകൊണ്ടാണ് പന്ത് ശാരീരികക്ഷമത വീണ്ടെടുത്തത്. ബാറ്റിങ്, വിക്കറ്റ് കീപ്പിങ് പരിശീലനം തുടങ്ങി.















