പോർട്ട് ഓഫ് സ്പെയ്ൻ
അഞ്ഞൂറാം രാജ്യാന്തര മത്സരത്തിൽ വിരാട് കോഹ്ലിക്ക് സെഞ്ചുറി മുദ്ര. വെസ്റ്റിൻഡീസിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ 121 റണ്ണാണ് കോഹ്ലി നേടിയത്. ടെസ്റ്റിലെ 29–-ാംസെഞ്ചുറി. ആകെ 76. രണ്ടാംദിനം 6–-387 റണ്ണെന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ 61 റണ്ണെടുത്തു. അഞ്ചാം വിക്കറ്റിൽ കോഹ്-ലി–ജഡേജ സഖ്യം 159 റൺനേടി.
രണ്ടാംദിനം 87 റണ്ണുമായി തുടങ്ങിയ കോഹ്ലി വേഗത്തിൽത്തന്നെ മൂന്നക്കം പൂർത്തിയാക്കി. 179 പന്തുകളാണ് നേരിട്ടത്. 11 ഫോറുകൾ ഇന്നിങ്സിൽ ഉൾപ്പെട്ടു. വിദേശമണ്ണിൽ 2018നുശേഷം കുറിക്കുന്ന ആദ്യ സെഞ്ചുറിയാണ്. ആദ്യ ടെസ്റ്റിൽ 76 റണ്ണിന് പുറത്തായ കോഹ്ലി ഇക്കുറി ശ്രദ്ധിച്ചു. പിഴവുകളില്ലാത്ത ഇന്നിങ്സായിരുന്നു. ആദ്യദിനം 21–-ാംപന്തിലാണ് ആദ്യ റൺ നേടിയത്. പിന്നാലെ 72 പന്തിൽ 41 റൺ. ശേഷം തിരിഞ്ഞുനോക്കിയില്ല. മനോഹരമായ കവർ ഡ്രൈവുകൾക്കൊപ്പം വിക്കറ്റിനിടയിലെ ഓട്ടത്തിലും തിളങ്ങി. എന്നാൽ, രണ്ടാംദിനം റണ്ണൗട്ടായാണ് മടങ്ങിയത്. ജോമെൽ വരിക്കന്റെ പന്തിൽ സിംഗിളിനായി ഓടുന്നതിനിടെ അൽസാരി ജോസഫിന്റെ ഏറ് നേരിട്ട് സ്റ്റമ്പിൽ കൊണ്ടു.
രാജ്യാന്തര ക്രിക്കറ്റിൽ 500 മത്സരം പൂർത്തിയാക്കിയ മുപ്പത്തിനാലുകാരന് ആകെ 25,582 റണ്ണായി. സെഞ്ചുറികളുടെ എണ്ണിൽ ഇനി സച്ചിൻ ടെൻഡുൽക്കർ മാത്രം മുന്നിൽ. സച്ചിന് 100 സെഞ്ചുറിയാണ്. നിലവിൽ കളിക്കുന്നവരിൽ ജോ റൂട്ടാണ് (46) കോഹ്ലിക്ക് പിന്നിൽ രണ്ടാമത്. 111 ടെസ്റ്റിൽ 8676 റണ്ണായി. ഇന്ത്യയുടെ മുൻതാരം വിരേന്ദർ സെവാഗ്, ഓസ്ട്രേലിയയുടെ മുൻതാരങ്ങളായ മാത്യു ഹെയ്ഡൻ, മൈക്കേൽ ക്ലാർക്ക് എന്നിവരെയും മറികടന്നു. രണ്ടാംദിനം 111 ഓവർ പൂർത്തിയായപ്പോൾ ഇഷാൻ കിഷനും (20) ആർ അശ്വിനും (17) ആണ് ക്രീസിൽ.















