കാസർകോട്
‘ന്നാ താൻ കേസുകൊട്’ എന്ന ആദ്യ സിനിമയിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി പി കുഞ്ഞിക്കൃഷ്ണൻ ഉദിനൂർക്കാരൻ നാട്ടുകാർക്ക് മാഷാണ്. മജിസ്ട്രേട്ട് വേഷത്തിലായിരുന്നു സിനിമയിലെ അരങ്ങേറ്റം. ഉദിനൂർ സെൻട്രൽ യുപി സ്കൂളിൽനിന്ന് ഹിന്ദി അധ്യാപകനായി വിരമിച്ച കുഞ്ഞിക്കൃഷ്ണൻ പഞ്ചായത്ത് അംഗവുമാണ്. ജീവിതത്തിലും രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും കാണിച്ച മികവ് തിരശ്ശീലയിലും പകർത്തിയതോടെ മികച്ച സ്വഭാവനടനായി.
ഉദിനൂർ തടിയൻകൊവ്വൽ മനീഷാ തിയറ്റേഴ്സ്, എ കെ ജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി, ജ്വാല തിയറ്റഴ്സ് തുടങ്ങിയ അമച്വർ നാടകസമിതികളിൽ പ്രവർത്തിച്ചിരുന്നു. ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയുടെ ടീസർ വന്നപ്പോഴാണ് കുഞ്ഞിക്കൃഷ്ണൻ സിനിമയിൽ അഭിനയിച്ച കാര്യം അയൽവാസികൾപോലും അറിയുന്നത്. ചിത്രീകരണം നാട്ടിൽതന്നെയായിരുന്നു.
പടന്ന പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗവും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ കുഞ്ഞിക്കൃഷ്ണന് പൊതുപ്രവർത്തനമെന്നത് ജീവവായുവാണ്. ഇതിനകം ഒമ്പത് ചിത്രങ്ങളിൽ വേഷമിട്ടു. എം മോഹനൻ സംവിധാനംചെയ്യുന്ന ‘ഒരുജാതി ജാതക’ത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഭാര്യ: സരസ്വതി (അധ്യാപിക, തടിയൻകൊവ്വൽ എഎൽപി സ്കൂൾ). മക്കൾ: സാരംഗ് (മർച്ചന്റ് നേവി), ആസാദ് (മറൈൻ എൻജിനിയറിങ് വിദ്യാർഥി, ചെന്നൈ).
ഡബ്ബിങ്ങിനിടെ തേടിയെത്തിയ സന്തോഷവാർത്ത
എറണാകുളം വിസ്മയ മാക്സ് സ്റ്റുഡിയോയിൽ ‘പഞ്ചവത്സരപദ്ധതി’ സിനിമയുടെ ഡബ്ബിങ്ങിനിടെയാണ് സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരം പി പി കുഞ്ഞിക്കൃഷ്ണൻ അറിഞ്ഞത്. ഡബ്ബിങ് പൂർത്തിയാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അദ്ദേഹം സന്തോഷം പങ്കുവച്ചു. നാടകരംഗത്തെ പരിചയം സിനിമാമേഖലയിൽ ഏറെ തുണച്ചതായി പി പി കുഞ്ഞിക്കൃഷ്ണൻ പ്രതികരിച്ചു.
‘എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത്. സംവിധായകൻ എന്നിലെ അഭിനയം തേച്ചുമിനുക്കിയെടുക്കുകയായിരുന്നു. സിനിമയിൽ ഞാൻ ചെയ്ത ജഡ്ജിയുടെ കഥാപാത്രത്തിലൂടെ സരസമായി നിയമവാഴ്ചയുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. ആ കഥാപാത്രത്തെ ജനങ്ങൾ ഏറ്റെടുത്തതിലും ഏറെ സന്തോഷമുണ്ട്’–- അദ്ദേഹം പറഞ്ഞു.















