കൊളംബോ : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിന് വഴിയൊരുക്കാൻ ഏഷ്യാകപ്പ്. അനശ്ചിതത്വം അവസാനിപ്പിച്ച് മത്സരക്രമം തയ്യാറായി. നാല് മത്സരങ്ങൾ പാകിസ്ഥാനിലാണ്. ബാക്കിയെല്ലാം ശ്രീലങ്കയിലും. ആഗസ്ത് 30ന് മുൾട്ടാനിൽ പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ആദ്യകളി. സെപ്തംബർ 17ന് കൊളംബോയിൽ ഫൈനൽ. ഇന്ത്യ–-പാകിസ്ഥാൻ മത്സരം സെപ്തംബർ രണ്ടിന് ലങ്കയിലെ കാൻഡിയിലാണ്.
പാകിസ്ഥാനിൽ കളിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എങ്കിൽ ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തു. ഇതുസംബന്ധിച്ച വിവാദം മുറുകവെയാണ് മത്സരക്രമം പുറത്തുവന്നത്. ആകെ 13 മത്സരങ്ങളാണുള്ളത്. ‘എ’ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ ടീമുകളാണുള്ളത്. ‘ബി’ ഗ്രൂപ്പിൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളുണ്ട്. ഓരോ ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകൾ സൂപ്പർഫോറിലെത്തും. അതിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ ഫൈനൽ കളിക്കും. ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലെത്തിയാൽ സെപ്തംബർ പത്തിനും മുഖാമുഖം കാണും.















