സിഡ്നി/ഓക്ലൻഡ്
ഫുട്ബോളിൽ വീണ്ടുമൊരു ലോകകപ്പ് ആരവം. വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി തുടക്കംകുറിക്കുകയാണ്. സിഡ്നി ഒളിമ്പിക് പാർക്കിലാണ് ഉദ്ഘാടനം. 70,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ്. മത്സരങ്ങൾ ഫാൻകോഡ് ആപ്പിൽ തത്സമയം കാണാം.
ആദ്യകളിയിൽ ന്യൂസിലൻഡ് നോർവെയെ നേരിടും. മറ്റൊരു ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് നടക്കുന്ന രണ്ടാംകളിയിൽ അയർലൻഡുമായി ഏറ്റുമുട്ടും. ആകെ 32 ടീമുകളാണ് ലോകകപ്പിൽ. എട്ട് ഗ്രൂപ്പുകൾ. ആഗസ്ത് 20നാണ് ഫൈനൽ. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. നാലുതവണ അവർ ജേതാക്കളായി. ഇക്കുറിയും അമേരിക്ക ഒരുങ്ങിത്തന്നെയാണ്.
യൂറോ ചാമ്പ്യൻമാരായ ഇംഗ്ലണ്ടാണ് കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന മറ്റൊരു ടീം. ആതിഥേയരെന്ന മുൻതൂക്കത്തിൽ ഓസ്ട്രേലിയയും ന്യൂസിലൻഡുമുണ്ട്. ഇതുവരെ കിരീടമില്ലാത്ത ബ്രസീലും ഇക്കുറി ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. അലെക്സിയ പുറ്റെല്ലാസിന്റെ മികവിലാണ് സ്പെയ്നിന്റെ പ്രതീക്ഷ. എന്നാൽ, പുറ്റെല്ലാസിന്റെ പരിക്ക് അവർക്ക് ആശങ്കയുമാണ്. ജർമനി, ഫ്രാൻസ് ടീമുകളും കിരീടസാധ്യതയിൽ മുന്നിൽനിൽക്കുന്നു.
ഗോളടിക്കാരിൽ അമേരിക്കയുടെ അലെക്സ് മോർഗനാണ് കൂടുതൽ സാധ്യത. അമേരിക്കയുടെതന്നെ യുവതാരം സോഫിയ സ്മിത്ത്, ഇംഗ്ലണ്ടിന്റെ റേച്ചൽ ഡാലി, ഓസ്ട്രേലിയയുടെ സാം കെർ, ജർമനിയുടെ അലെക്സ് പോപ്, സ്പെയ്നിന്റെ ഇഷ്തെർ ഗോൺസാലെസ്, ജെന്നി ഹൊർമോസോ, ആൽബ റെഡൊണ്ടോ, ഫ്രാൻസിന്റെ കാദിദിയാതു ഡയാനി എന്നിവരും രംഗത്തുണ്ട്.
മികച്ച താരങ്ങളാകാൻ പുറ്റെല്ലാസ്, സോഫിയ സ്മിത്ത്, സാം കെർ, പോപ് എന്നിവർക്കൊപ്പം നൈജീരിയയുടെ അസിസാത് ഒഷോയാല, നോർവെയുടെ അദ ഹെഗെർബെർഗ്, ഇംഗ്ലണ്ടിന്റെ കിയാറ വെൽഷ് എന്നിവരുമുണ്ട്. ബ്രസീലിന്റെ വിഖ്യാത താരം മാർത്തയുടെയും ക്യാഡയുടെ നാൽപ്പതുകാരി ക്രിസ്റ്റീൻ സിൻക്ലയറുടെയും അമേരിക്കയുടെ മേഗൻ റാപിനോയുടെയും അവസാന ലോകകപ്പായിരിക്കും ഇത്.ഒരുപിടി യുവതാരങ്ങളും ഈ ലോകകപ്പിനെത്തുന്നുണ്ട്. സ്പെയ്നിന്റെ പത്തൊമ്പതുകാരി സൽമ പറല്ലുയെലോ, പതിനെട്ടുകാരി കൊളംബിയയുടെ ലിൻഡ കയ്സെദൊ, ജർമനിയുടെ ലെന ഒബെർദോർഫ്, അമേരിക്കയുടെ ട്രിനിറ്റി റോഡ്മാൻ എന്നീ യുവതാരങ്ങളിലാണ് പ്രതീക്ഷ.