പാരീസ്
ഫ്രാൻസിൽ അടുത്തിടെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എഴുന്നൂറിലേറെപ്പേർക്ക് തടവുശിക്ഷ. 1278 കേസാണ് ബുധനാഴ്ച തീർപ്പായത്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞ 98 പേർക്ക് തടവ് വിധിച്ചു. അറുനൂറിലേറെപ്പേർ നേരത്തേതന്നെ ജയിലിലാണ്.
ജൂൺ 27ന് ട്രാഫിക് പരിശോധനയ്ക്കിടെ പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതോടെയാണ് ഫ്രാൻസ് പ്രതിഷേധക്കളമായത്. 2005നുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി ഇത് വളർന്നു. 3700 പേർ അറസ്റ്റിലായി. രാജ്യത്തെ പൊലീസ് സംവിധാനത്തിലടക്കം വേരൂന്നിയ വംശവെറിയെപ്പറ്റിയുള്ള ചർച്ചകളും സംഭവം വീണ്ടും സജീവമാക്കി.