ന്യൂഡൽഹി
ജമ്മു കശ്മീരിൽ കുടിയേറ്റ തൊഴിലാളികൾക്കുനേരെ വീണ്ടും ഭീകരരുടെ തിരഞ്ഞുപിടിച്ചുള്ള ആക്രമണം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ വൈകിട്ട് നഗരമധ്യത്തിലെ ലാൽചൗക്കിലായിരുന്നു ആക്രമണം.
വെടിയേറ്റവർ ഏത് സംസ്ഥാനത്തുനിന്ന് ഉള്ളവരാണെന്ന് വ്യക്തമല്ല. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരെ ലക്ഷ്യംവച്ച് ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. 13ന് തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കുടിയേറ്റ തൊഴിലാളികളുടെ വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീകരർ വെടിയുതിർത്തിരുന്നു. ബിഹാറിൽനിന്നുള്ള മൂന്നുപേർക്ക് പരിക്കേറ്റു.















