ന്യൂഡൽഹി
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 26 പ്രതിപക്ഷ പാർടി ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ചതിൽ പകച്ച് ബിജെപി. കേന്ദ്ര സർക്കാർ മറുപടി പറയാൻ ബാധ്യസ്ഥമായ വിഷയങ്ങളിലടക്കം മൗനംപാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷനീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. തീവ്രഹിന്ദുത്വത്തിന്റെ വക്താവാകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മത്സരിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയാകട്ടെ പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് നൽകിയ ‘ഇന്ത്യ’ (ഇന്ത്യന് നാഷണല് ഡെവലപ്മെന്റല് ഇന്ക്ലൂസീവ് അലയന്സ്)എന്ന പേരിനെ വിമർശിച്ച് രംഗത്തുവന്നു. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്ന് ഹിമന്ത ആരോപിച്ചു. തന്റെ ട്വിറ്റർ പ്രൊഫൈലിൽ ‘ചീഫ് മിനിസ്റ്റർ ഓഫ് അസം, ഇന്ത്യ’ എന്നുണ്ടായിരുന്നത് ഹിമന്ത ‘ചീഫ് മിനിസ്റ്റർ ഓഫ് അസം, ഭാരത്’ എന്നാക്കി മാറ്റി.
കേവല ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടിയശേഷം ഘടകകക്ഷികളെ പൂർണമായും അവഗണിച്ച ബിജെപി ഇപ്പോൾ ചെറുകക്ഷികളെപ്പോലും കൂട്ടുപിടിക്കാൻ വെപ്രാളപ്പെടുകയാണ്. 38 ഘടകകക്ഷിയുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന എൻഡിഎയിൽ പാർലമെന്റിൽ പ്രാതിനിധ്യമുള്ള 18 പാർടിമാത്രം. ലോക്സഭയിൽ എൻഡിഎയുടെ അംഗബലമായ 331ൽ 301ഉം ബിജെപിക്കാരാണ്. മൊത്തം 36 പാർടിയുടെയും സ്വതന്ത്രരുടെയുംകൂടി അംഗബലം 17 ആണ്. ശിവസേനയെ പിളർത്തിയെടുത്ത ഷിൻഡെ വിഭാഗത്തിനു മാത്രമാണ് രണ്ടക്ക അംഗബലം.കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്കു പിന്നാലെയാണ് എൻഡിഎ വികസിപ്പിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് തുടക്കമിട്ടത്. പ്രധാന പ്രാദേശിക കക്ഷികളെയൊന്നും കിട്ടിയില്ല. ഇതിനിടെ പ്രതിപക്ഷ കൂട്ടായ്മ സജീവമായത് ബിജെപിയെ പരിഭ്രമത്തിലാഴ്ത്തിയിട്ടുണ്ടെന്നത് നേതാക്കളുടെ പ്രതികരണങ്ങളിൽ വ്യക്തം.















