മനാമ > ബഹ്റൈന് കേരളീയ സമാജം ഓണാഘോഷപരിപാടികള് -ശ്രാവണം 2023 അടുത്ത മാസം മുന്നിന് ആരംഭിക്കും. സെപ്തംബര് അവസാനം വരെ നീളുന്ന വിവിധ പരിപാടികളില് പ്രമുഖ കലാകാരന്മാര് പങ്കെടുക്കും. സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാന്, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖര് ആഘോഷങ്ങളില് അതിഥികളായി എത്തും.
ആഗസ്ത് മൂന്നിന് ‘തോബിയാസ് ഒരു നാടകക്കാരന്’ എന്ന നാടകത്തോടെ പരിപാടികള്ക്ക് തുടക്കമാകും. പ്രശസ്ത ഗായിക കെഎസ് ചിത്ര, ശ്രീകുമാരന് തമ്പി, സൂര്യ കൃഷ്ണമൂര്ത്തി, സംഗീത ബാന്ഡ് മസാല കോഫി, ടെലിവിഷന് അവതാരകരായ രാജ്കലേഷ്, മാത്തുക്കുട്ടി, സംഗീതോപകരണ വാദകരായ സുബാഷ് ചേര്ത്തല, ശ്രീകുമാര് കലാഭവന്, പി.എസ്. നരേന്ദ്രന്, പിന്നണി ഗായകരായ കല്ലറ ഗോപന്, എസ്.പി. ദേവാനന്ദ്, ദേവിക വി. നായര്, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിന്, വേദ മിത്ര, പാചക വിദഗ്ധന് പഴയിടം മോഹനന് നമ്പൂതിരി, തൃശൂരില്നിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാര് തുടങ്ങിയ പ്രമുഖര് ഈ വര്ഷം ബഹ്റൈന് കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗഭാഗക്കാകുമെന്ന് പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല് സെക്രട്ടറി വര്ഗീസ് കാരക്കല് എന്നിവര് വാര്ത്തസമ്മേളനത്തില് അറിയിച്ചു.
ബഹ്റൈനിലെ മലയാളി കലാകാരര് അണിയിച്ചൊരുക്കുന്ന മൂന്നു മെഗാ പരിപാടികളും ഓണം അരങ്ങിലെത്തും. പുലിക്കളി, സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന കൈകൊട്ടിക്കളി, ഇന്ത്യയുടെ സംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ‘രംഗ്’, കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവ അരങ്ങേറും. ഈ പരിപാടികളില് ഓരോന്നിലും നൂറിലേറെ കലാകാരന്മാര് അണിനിരക്കും.
നാടന്കളികള്, വടംവലി, കബഡി, അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന,സിനിമാറ്റിക് ഡാന്സ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യന് വേഷം, ഓണപ്പാട്ട് എന്നിവയില് പൊതുജനങ്ങള്ക്കായി മത്സരങ്ങള് ഉണ്ട്.
കുട്ടികള്ക്കായി നാടന്കളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള് വിളിച്ചോതുന്ന ബഹ്റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മിറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകളുമായി മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന ഓണനിലാവ്, ബഹ്റൈന് പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, സഹൃദയ നാടന് പാട്ടു സംഘം അവതരിപ്പിക്കുന്ന നാടന്പാട്ടുകള് എന്നീ പരിപാടികളും അരങ്ങിലെത്തും.
സെപതംബര് 22 ന് ഓണസദ്യ. 5000 പേര്ക്കാണ് സദ്യ വിളമ്പും. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സദ്യയൊരുക്കാന് നേതൃത്വം നല്കും. നടത്തിപ്പിനായി സുനീഷ് ജനറല് കണ്വീനറായി 250 അംഗ സംഘാടക സമിതി പ്രവര്ത്തിക്കുന്നു.















