ന്യൂഡൽഹി
ലാവ്ലിൻ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്തംബർ 12ലേക്ക് മാറ്റി. സിബിഐക്കുവേണ്ടി ഹാജരാകാന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് ചില അസൗകര്യങ്ങൾ ഉണ്ടെന്നും കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റണമെന്നും ജൂനിയര് അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാൽ, അടുത്ത ആഴ്ച അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ്സാൽവെ അറിയിച്ചു. അടുത്ത ആഴ്ച അസൗകര്യങ്ങൾ ഉണ്ടെന്ന് കോടതിയും പറഞ്ഞു.
ആവശ്യമെങ്കിൽ ഇന്നുതന്നെ കേസ് വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ്സാൽവെ നിലപാട് വ്യക്തമാക്കിയെങ്കിലും സിബിഐ അഭിഭാഷകൻ സന്നദ്ധത പ്രകടിപ്പിച്ചില്ല. സെപ്തംബർ 12 ലേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.















