മനാമ > ബഹറൈന്-കണ്ണൂര് സെക്ടറില് നിലവിലുള്ള സര്വീസുകള്ക്ക് പുറമെ എയര് ഇന്ത്യ എക്സ്പ്രസ്സ് കൂടുതല് സര്വീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏര്പ്പെടുത്താന് നടപടി ആവശ്യപ്പെട്ട് സേവ് കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ബഹറൈന് ചാപ്റ്റര് എയര് ഇന്ത്യ എക്സ്പ്രസ് ബഹ്റൈന് കണ്ട്രി മാനേജര് ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തി. ഇക്കാര്യങ്ങള് അടങ്ങിയ നിവേദനം ഭാരവാഹികള് കൈമാറി.
ബഹ്റൈനില് നിന്നുള്ള എയര് ഇന്ത്യ എക്സ്പ്രസ് സര്വീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഷിഷ് കുമാര് ഉറപ്പു നല്കി. കണ്ണൂരിലേക്കും മാംഗലൂരുവിലേക്കും എയര് ഇന്ത്യ എക്സ്പ്രസിന്റെ കൂടുതല് സര്വീസുകള് ആരംഭിക്കുന്നതിന് എയര് ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ബന്ധപ്പെടുമെന്നും സമ്മര്ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പു നല്കി.
എയര് ഇന്ത്യ എക്സ്പ്രസ് സെയില്സ് ആന്ഡ് മാര്ക്കറ്റിംഗ് മാനജര് നാരായണ മേനോന്, സേവ് കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ബഹ്റൈന് ചാപ്റ്റര് ചെയര്മാന് ഫസലുല് ഹാഖ്, വൈസ് ചെയര്മാന് കെടി സലീം, എക്സിക്യൂട്ടീവ് അംഗം ബദറുദ്ദീന് പൂവാര് എന്നിവരും പങ്കെടുത്തു.















