മനാമ > മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന് ചാണ്ടിയുടെ നിര്യാണത്തില് ബഹ്റൈന് പ്രതിഭ അനുശോചിച്ചു. ഉമ്മന് ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില് നികത്തപ്പെടാന് ഇടയില്ലാത്ത വിടവാണ് സൃഷ്ടിക്കുകയെന്ന് അനുശോചന സന്ദേശത്തില് പറഞ്ഞു.
കേരളജനതയുടെ കഴിഞ്ഞ 50 വര്ഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മന് ചാണ്ടി. വിവാദങ്ങളില് അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മന്ചാണ്ടിയുടെ മെയ്വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാണ്.
കേരളത്തിലെ കോണ്ഗ്രസ് രാഷ്ട്രീയം കെ കരുണാകരനും ഏകെ ആന്റണിക്കും ചുറ്റുമായി കറങ്ങി നില്ക്കുമ്പോഴും, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോണ്ഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്ര നിര്മ്മിതിയ്ക്കു നിദാനമായത് ഉമ്മന് ചാണ്ടിയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. തുടര്ച്ചയായി 50 വര്ഷം ഒരേമണ്ഡലത്തില് നിന്നുമുള്ള നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ജനങ്ങള്ക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തിന്റെ കൂടി ദൃഷ്ടാന്തമാണ്.
കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അത്യുന്നതങ്ങളില് വിരാജിക്കുമ്പോഴും ജീവിതവഴികളില് ഉമ്മന് ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും ശ്രദ്ധേയമാണ്. ഉമ്മന് ചാണ്ടിയുടെ നിര്യാണത്തില് കുടുംബാംഗങ്ങള്ക്കും അനുയായികള്ക്കും ഉണ്ടായ ദുഃഖത്തില് പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നയതായും പ്രതിഭ ജനറല് സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടന് എന്നിവര് അറിയിച്ചു.















