ന്യൂഡൽഹി
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം മൂർത്തമായ തീരുമാനങ്ങളിൽ എത്തിയതോടെ മോദിസർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങൾക്ക് ഗതിവേഗമേറി. ബിജെപിക്കെതിരെ സംസ്ഥാനങ്ങൾതോറും അലയടിക്കുന്ന ജനവികാരം ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന പ്രത്യാശയാണ് ബംഗളൂരു യോഗതീരുമാനങ്ങൾ നൽകുന്നത്. “ഇന്ത്യ’ എന്ന പേരിൽ 26 പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്ന് നീങ്ങാൻ തീരുമാനിച്ചത് ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികൾക്ക് പ്രതീക്ഷയേകുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 37.36 ശതമാനം വോട്ട് മാത്രം ലഭിച്ച ബിജെപിക്ക് 303 സീറ്റിൽ വിജയിക്കാനായി. എൻഡിഎയ്ക്ക് മൊത്തത്തിൽ 41 ശതമാനം വോട്ടും 350ൽപ്പരം സീറ്റും ലഭിച്ചു. ജെഡിയു, ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ പ്രമുഖ ഘടകകക്ഷികൾ നാലു വർഷത്തിൽ എൻഡിഎ വിട്ടു. ജനങ്ങളെ വർഗീയമായും സാമുദായികമായും ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ വിജയം കണ്ടിരുന്ന ബിജെപിയുടെ തന്ത്രം അടുത്തിടെയായി അത്ര ഫലിക്കുന്നില്ല. 2019നു ശേഷം ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മികച്ച ജയം നേടാനായില്ല. കർണാടകം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി പരാജയപ്പെട്ടു. ബിഹാറിൽ ഭരണപങ്കാളിത്തം നഷ്ടമായി. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, കർണാടകം, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നായി ബിജെപിക്ക് എഴുപതോളം സീറ്റുകൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടമാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ദക്ഷിണേന്ത്യയിൽ മുന്നേറാനുള്ള സാഹചര്യമില്ല. തുടരുന്ന കർഷകപ്രക്ഷോഭങ്ങൾ അവരെ കാര്യമായി അലട്ടുന്നു. മണിപ്പുർ കലാപം ബിജെപിയുടെ മുഖം കൂടുതൽ വികൃതമാക്കി.
ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവായാൽ 2024ൽ ഭരണമാറ്റം സാധ്യമാക്കും. വിവിധ സംസ്ഥാനങ്ങളിലെ തനതായ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രതിപക്ഷകക്ഷികളുടെ യോജിപ്പിന് തടസ്സമായിരുന്നത്. ഇത്തരം ഭിന്നതകൾക്ക് അപ്പുറത്തായി രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറായി പാർടികൾ മുന്നോട്ടുവന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടാം മോദിസർക്കാർ വന്നശേഷം ആദ്യമായി എൻഡിഎ യോഗം വിളിച്ചതും ‘38’ പാർടി പങ്കെടുത്തതായി അവകാശപ്പെട്ടതും ഇതിന്റെ പ്രതിഫലനമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണങ്ങളും വരുംനാളുകളിൽ ശക്തമാകുമെന്ന് ഉറപ്പാണ്.















