ന്യൂഡൽഹി
വൈദ്യുതി, റെയിൽ മേഖലകൾ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സിഐടിയു. ഡൽഹി ഹർകിഷൻ സിങ് സുർജിത് മന്ദിരത്തിൽ അഖിലേന്ത്യ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും പൊതുസ്ഥാപനങ്ങള് വിറ്റഴിക്കാനുള്ള എന്എംപി പദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി തപൻ സെൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെ ജില്ലാതല കൺവൻഷനുകൾ. ബ്ലോക്ക്, പഞ്ചായത്ത്, ഗ്രാമ തലത്തിലും കൺവൻഷനുകൾ ചേരും. ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ ലഘുലേഖകൾ വിതരണം ചെയ്ത് തീവ്രപ്രചാരണം നടത്തും. നവംബർ മൂന്നിന് റെയിൽവേ സ്റ്റേഷനുകളിൽ വൻ പ്രകടനങ്ങൾ.
അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജനകീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രസര്ക്കാര് വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് -ഹേമലത പറഞ്ഞു. അഖിലേന്ത്യ സെക്രട്ടറി എളമരം കരീം എംപി സംസാരിച്ചു. മുന്നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു.















