തിരുവനന്തപുരം
ചന്ദ്രനിലേക്കുള്ള യാത്രയിൽ വീണ്ടും കുതിച്ച് ചാന്ദ്രയാൻ 3. ചൊവ്വാഴ്ച നടന്ന മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരം. ഭൂമിക്ക് ചുറ്റുമുള്ള പഥം 228–- 51400 കിലോമീറ്ററിലേക്കാണ് ഉയർത്തിയത്. ബംഗളൂരുവിലെ ടെലിമെറററി ട്രാക്കിങ് കേന്ദ്രം നൽകിയ കമാൻഡ് കൃത്യമായി സ്വീകരിച്ചു. തുടർന്ന് 17 മിനിറ്റ് ത്രസ്റ്റർ എൻജിൻ ജ്വലിച്ചു. ഉച്ചകഴിഞ്ഞ് 2.45 ന് ഐഎസ്ആർഒയുടെ പോർട്ട്ബ്ലെയർ ട്രാക്കിങ് സ്റ്റേഷനു മുകളിലെത്തിയപ്പോഴാണ് ജ്വലന പ്രക്രിയ ആരംഭിച്ചത്. നൂറു കിലോഗ്രാമിലേറെ ഇന്ധനം ഉപയോഗിച്ചു. രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷം പേടകം ഭൂമിയുടെ ആകർഷണ വലയത്തിൽനിന്ന് പുറത്തുകടന്ന് ചന്ദ്രനിലേക്ക് നേരിട്ട് യാത്ര തുടങ്ങും.
അടുത്ത പഥം ഉയർത്തൽ 20 നും 25 നും നടക്കും. ആഗസ്ത് അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം എത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 23 ന് വൈകിട്ട് സോഫ്റ്റ് ലാൻഡ് ചെയ്യും.















