കുവൈത്ത് സിറ്റി > കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിനുമപ്പുറം ഉയർന്നതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടായി. പ്രതി ദിന വൈദ്യുതി ഉപഭോഗ സൂചിക രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച 2 മണിക്ക് 16, 370 മെഗാവാട്ട് ഉപഭോഗമാണ് സൂചിക രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പരമാവധി ഉപഭോഗമായ 16,180 മെഗാവാട്ടിനെ മറികടന്നു.
ഉയർന്ന വൈദ്യുതിയും ജല ഉപഭോഗവും പ്രതീക്ഷിച്ചിരുന്നെങ്കിലും കുവൈത്തിന്റെ ഊർജ ജല ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തിന്റെ ഉൽപ്പാദന ശേഷി പര്യാപ്തമാണെന്ന് ജല വൈദ്യുതി മന്ത്രാലയം ഉറപ്പുനൽകി. എന്നിരുന്നാലും, ഉയർന്ന ഭാരമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ തിരക്കേറിയ സമയങ്ങളിൽ ലോഡ് കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ സഹകരണത്തിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.