ന്യൂഡൽഹി> യോജിച്ച് നീങ്ങാൻ പ്രതിപക്ഷ പാർടികളുടെ നീക്കം സജീവമായിരിക്കെ ചെറു പാർടികളെ കൂട്ടുപിടിച്ച് എൻഡിഎ വികസിപ്പിക്കാൻ ബിജെപിയുടെ തിരക്കിട്ട ശ്രമം. ചൊവ്വാഴ്ച ഡൽഹിയിൽ എൻഡിഎ യോഗം ചേരുന്നതിനു മുന്നോടിയായി ഉത്തർപ്രദേശിലെ സുഹേൽദേവ് ഭാരതീയ സമാജ് പാർടി (എസ്ബിഎസ്പി)യെ എൻഡിഎയിൽ തിരിച്ചെടുത്തത് ഇതിന്റെ ഭാഗം.
യുപിയിലെ മൂന്ന് ശതമാനം വരുന്ന രാജ്ഭർ സമുദായത്തിൽ സ്വാധീനമുള്ള എസ്ബിഎസ്പി 2019ലാണ് എൻഡിഎ വിട്ടത്. കർഷകരോഷം ഉൾപ്പെടെയുള്ള കാരണങ്ങളാൽ യുപിയിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ചെറുപാർടികളെ തിരികെ പിടിക്കുന്നത്.
ബിഹാറിൽ ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാമി മോർച്ച രണ്ടാഴ്ചമുമ്പ് എൻഡിഎയിലെത്തി. ചിരാഗ് പാസ്വാന്റെ പാർടിയായ എൽജെപി (രാം വിലാസ്)യെയും എൻഡിഎ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, 2021ൽ എൽജെപി പിളർത്തി കേന്ദ്രമന്ത്രിയായ പശുപതി കുമാർ പരസ് ഇതിനെ എതിർക്കുന്നു. രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനാണ് പശുപതി.
ബിഹാർ, ബംഗാൾ, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നായി 60–-70 ലോക്സഭാ സീറ്റുകൾ 2024ൽ ബിജെപിക്ക് നഷ്ടമാകുമെന്ന് സർവേകൾ വഴി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലും തിരിച്ചടി ഉണ്ടാകും. മഹാരാഷ്ട്രയിൽ എൻസിപിയെയും ശിവസേനയെയും പിളർത്തിയത് ഈ സാഹചര്യത്തിലാണ്.
എസ്എഡി, ടിഡിപി എന്നീ പാർടികളെയും എൻഡിഎയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു. തെലങ്കാനയിൽ ബിആർഎസുമായി ബിജെപി വെടിനിർത്തൽ പ്രഖ്യാപിച്ച മട്ടാണ്. അതേസമയം, ബിജെപിയുമായി സഖ്യചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ഇതു സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചു.ഡൽഹിയിൽ ചൊവ്വാഴ്ച എൻഡിഎ യോഗം ചേരും. 38 പാർടികൾ പങ്കെടുക്കുമെന്ന് ബിജെപി അവകാശപ്പെട്ടു.