കൊൽക്കത്ത> ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു സിപിഐ എം പ്രവർത്തകൻകൂടി മരിച്ചു. മൂർഷിദാബാദ് ജില്ലയിൽ റായപ്പുർ ഗ്രാമത്തിലെ റിണ്ടു ഷേക്കാ (43)ണ് മരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം തൃണമൂൽ നടത്തിയ ബൂത്ത് കൈയേറ്റം തടയുന്നതിനിടെ റിണ്ടുവിന്റെ തലയ്ക്ക് ഇരുമ്പ് പാരകൊണ്ട് അക്രമികൾ അടിക്കുകയായിരുന്നു.
പാർടിയുടെ സജീവ പ്രവർത്തകനായ റിണ്ടുവിനെ മുമ്പും തൃണമൂലുകാർ ആക്രമിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളിൽ എട്ട് സിപിഐ എം പ്രവർത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആകെ മരണം 61 ആയി.പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബിഷ്ണുപുരിൽ ബിജെപി–-തൃണമൂൽ സംഘർഷത്തിൽ തൃണമൂലുകാരനായ പ്രളയ് മണ്ഡൽ (32) വെടിയേറ്റ് മരിച്ചു. മാൾദ ജില്ലയിൽ കാഡിഗി ഏരിയയിൽ തൃണമൂൽ അക്രമത്തിൽ ഒരു ബിജെപിക്കാരനും കൊല്ലപ്പെട്ടു.