ന്യൂഡൽഹി> ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീംകോടതി നിർദേശം. 2016ലെ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ സംസ്ഥാനസർക്കാരുകൾ നടപടി സ്വീകരിക്കണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും ആഗസ്ത് 31നുള്ളിൽ ചീഫ് കമീഷണർമാരെ നിയമിക്കണമെന്നും ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമം നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടുഗതർ വീ ക്യാൻ എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. ചില സംസ്ഥാനങ്ങളിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. എന്നാൽ, നിയമത്തിൽ പറഞ്ഞിട്ടുള്ള ചീഫ്കമീഷണർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻമാരോട് വിശദീകരണം തേടാമെന്ന് കോടതി പ്രതികരിച്ചു. പല സംസ്ഥാനങ്ങളിലും ചീഫ്കമീഷണർമാരെ നിയമിച്ചിട്ടില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.