ന്യൂഡൽഹി > മണിപ്പുരിൽ ബിജെപി നേതാവിന്റെ നിയന്ത്രണത്തിലുള്ള അരംബൈ തെങ്കൽ സായുധസംഘം നാഗാ സ്ത്രീയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം. നാഗാ സംഘടനകൾ പ്രഖ്യാപിച്ച ബന്ദിൽ തിങ്കളാഴ്ച ഗ്രാമങ്ങൾ അടച്ചിട്ടും ദേശീയപാത ഉപരോധിച്ചും പ്രതിഷേധിച്ചു. സമാധാനം പാലിക്കുന്നത് ദുർബലതയായി കാണരുതെന്ന് യൂണൈറ്റഡ് നാഗ കൗൺസിൽ പ്രസ്താവനയിൽ മുന്നറിയിപ്പുനൽകി.
ലൂസി മാരിങ് (55) നാഗാ വംശജയാണെന്ന് അറിഞ്ഞിട്ടും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കുക്കി–-മെയ്ത്തീ വിഭാഗക്കാർ തമ്മിൽ രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തിൽനിന്ന് അകലം പാലിച്ചിരുന്ന നാഗാ വംശജർ പ്രകോപിതരായിട്ടുണ്ടെന്നത് വെല്ലുവിളിയാണ്.
സംഭവത്തിൽ അഞ്ചുവനിതകൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. രണ്ടുതോക്കടക്കം ആയുധങ്ങളും പിടിച്ചെടുത്തു. ശനി വൈകിട്ടാണ് ലൂസി മാരിങിനെ മെയ്ത്തീ വനിതസംഘമായ മെയ്ര പെയ്ബി അംഗങ്ങൾ വീട്ടിൽനിന്ന് പിടിച്ചിറക്കി അരംബൈ തെങ്കൽ വിമതർക്ക് കൈമാറിയത്. ക്രൂര മർദ്ദനത്തിന് ഇരയായ ലൂസിയെ ആളുകൾ നോക്കിനിൽക്കേ വെടിവച്ചുകൊല്ലുകയായിരുന്നു.