ന്യൂഡൽഹി> വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ ഒത്തുനോക്കി തീർച്ചപ്പെടുത്താൻ നിർദേശിക്കണമെന്ന ഹർജിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് നിരവധി പൊതുതാൽപ്പര്യ ഹർജികൾ കോടതിയിൽ എത്തുന്നുണ്ടെന്നും അത്തരം ഹർജികൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെത്തന്നെ ചോദ്യംചെയ്യുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ചില കാര്യങ്ങളിൽ അധിക സന്ദേഹികളാകുന്നത് എന്തിനാണെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ച് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണോട് ചോദിച്ചു. നിലവിൽ വോട്ടർമാർക്ക് തങ്ങളുടെ വോട്ടുകൾ ഔദ്യോഗികമായി രേഖപ്പെടുത്തിയോ എന്ന കാര്യം ഉറപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഹർജിയുടെ പകർപ്പ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും.